'പ്രസിഡന്റിനൊപ്പം'; സുരേന്ദ്രന് വേണ്ടി ക്യാമ്പയിനുമായി ബിജെപി, ഏറ്റെടുക്കാതെ ശോഭയും കൃഷ്ണദാസും

കുഴല്‍പ്പണ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളില്‍ കുരുങ്ങിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി ബിജെപി
കെ സുരേന്ദ്രന്‍, ബിജെപി ആരംഭിച്ച ഫെയ്‌സ്ബുക്ക് ക്യാമ്പയിന്‍
കെ സുരേന്ദ്രന്‍, ബിജെപി ആരംഭിച്ച ഫെയ്‌സ്ബുക്ക് ക്യാമ്പയിന്‍



കൊച്ചി: കുഴല്‍പ്പണ, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ ആരോപണങ്ങളില്‍ കുരുങ്ങിയ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പിന്തുണച്ച് ഫെയ്‌സ്ബുക്ക് ക്യാമ്പയിനുമായി ബിജെപി. 'പ്രസ്ഥാനത്തിനൊപ്പം, പ്രസിഡന്റിനൊപ്പം' എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ഫ്രെയിം ക്യാമ്പയിനുമായാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. 

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് അടക്കമുള്ള നേതാക്കള്‍ പ്രൊഫൈല്‍ പിക്ച്ചര്‍ ക്യാമ്പയിനില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍ ശോഭ സുരേന്ദ്രന്‍, പി കെ കൃഷ്ണദാസ് കേന്ദ്രമന്ത്രി വി മുരളീധരന്‍, കുമ്മനം രാജശേഖരന്‍, എം ടി രമേശ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ക്യാമ്പയിനില്‍ പങ്കാളികളായിട്ടില്ല.  

കഴിഞ്ഞ ദിസം ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്‍പായി മാധ്യമങ്ങളെ കണ്ട നേതാക്കള്‍, സുരേന്ദ്രന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും സുരേന്ദ്രനെ അക്രമിക്കാന്‍ സമ്മതിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് സുരേന്ദ്രനെ പ്രതിരോധിച്ച് ബിജെപി സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ ആരംഭിച്ചത്. എന്നാല്‍ ശോഭയും കൃഷ്ണദാസും അടക്കമുള്ള നേതാക്കള്‍ ക്യാമ്പയിനില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുന്നത് പാര്‍ട്ടിക്കുള്ളിലെ അതൃപ്തി പ്രകടമാക്കുകയാണ്. 

കോര്‍ കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കുഴല്‍പ്പണ വിവാദം പാര്‍ട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തത് സംസ്ഥാന അധ്യക്ഷന്റെയും മറ്റും നേതൃത്വത്തിലാണ്. അതിനാല്‍ പാളിച്ചകള്‍ വന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്നും വിമര്‍ശനമുര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com