എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ; ഡിജിറ്റല്‍ പഠനം ഉറപ്പാക്കാന്‍ ലാപ്‌ടോപ്പ്, പദ്ധതിയുമായി സാങ്കേതിക സര്‍വകലാശാല

സാങ്കേതിക സര്‍വകലാശാലയുടെ അധീനതയിലുള്ള കോളജുകളില്‍ പഠിക്കുന്ന എല്ലാ  വിദ്യാര്‍ത്ഥികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി അടിയന്തിരമായി നടപ്പാക്കുവാന്‍ തീരുമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


തിരുവനന്തപുരം:  സാങ്കേതിക സര്‍വകലാശാലയുടെ അധീനതയിലുള്ള കോളജുകളില്‍ പഠിക്കുന്ന എല്ലാ  വിദ്യാര്‍ത്ഥികള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി അടിയന്തിരമായി നടപ്പാക്കുവാന്‍ തീരുമാനം. വൈസ് ചാന്‍സലര്‍ ഡോ. എംഎസ് രാജശ്രീയുടെ അധ്യക്ഷതയില്‍ ഇന്ന് കൂടിയ സിന്‍ഡിക്കേറ്റ് യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 

രോഗം മൂലമോ, അപകടം മൂലമോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാകുന്ന തരത്തിലാണ്  ഇന്‍ഷുറന്‍സ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നത്. കോവിഡ് ബാധിച്ചു മരിച്ച കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി സൂരജ് കൃഷ്ണയുടെ നിര്‍ദ്ധന കുടുംബത്തിന് ഈ പദ്ധതിയുടെ ഭാഗമായി അഞ്ച് ലക്ഷം രൂപ നല്‍കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇത് സംബന്ധിച്ചു സിന്‍ഡിക്കേറ്റിന്റെ സ്റ്റുഡന്റ്‌സ് അഫയേഴ്‌സ് സമിതി സമര്‍പ്പിച്ച സിന്‍ഡിക്കേറ്റ് സിന്‍ഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിക്ക് എല്ലാ വര്‍ഷവും രണ്ട് കോടി രൂപ വകയിരുത്തും.

സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാങ്കേതികസര്‍വകലാശാലയും അണിചേരും. ഇതിന്റെ ഭാഗമായി സര്‍വകലാശാലയുടെ അധീനതയിലുള്ള കോളജുകളിലെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് ഉള്‍പ്പടെയുള്ള പഠന സാമഗ്രികള്‍ നല്‍കുവാനുള്ള പദ്ധതിക്കും സിന്‍ഡിക്കേറ്റ് അംഗീകാരം നല്‍കി. ഇതിനായി ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ വകയിരുത്തും. കോവിഡ് കാലയളവില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആക്റ്റിവിറ്റി പോയിന്റ് ആനുകൂല്യം നല്‍കാനും സിന്‍ഡിക്കേറ്റ് അനുമതിനല്‍കി.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com