ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി; ഒരുമിച്ച് നല്‍കാനാവില്ലെന്ന് കമ്പനികള്‍, സംസ്ഥാനം ഹൈക്കോടതിയില്‍  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2021 12:11 PM  |  

Last Updated: 08th June 2021 12:46 PM  |   A+A-   |  

Order to purchase one crore doses of vaccine canceled

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത്രയധികം വാക്‌സിന്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഓര്‍ഡര്‍ റദ്ദാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. കോടതി ഹര്‍ജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.

വാക്‌സിന്‍ വിതരണ നയത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഇക്കാാര്യം പറഞ്ഞത്. നേരത്തെ 18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിന്‍ പണം നല്‍കി വാങ്ങണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം. ഇതിന് ബദലായി സംസ്ഥാനം എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു കോടി ഡോസ് വാക്‌സിന്‍ കമ്പനികളില്‍ നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ തുടര്‍ച്ചയായി നല്‍കിയ ഓര്‍ഡര്‍ റദ്ദു ചെയ്തുവെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. ഇത്രയധികം വാക്‌സിന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഒന്നിച്ച് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന്റെയും ഉന്നതതല സമിതിയുടെയും അനുമതി വേണമെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്. വാദത്തിന്റെ ഒരുഘട്ടത്തില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കി കൂടേയെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചിരുന്നു. കഴിഞ്ഞദിവസമാണ് എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയതായി കേന്ദ്രം പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ പുതിയ വാക്‌സിന്‍ നയത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് കൊണ്ട് ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.