മീന്‍ വാങ്ങാന്‍ പോവുമ്പോഴും മാസ്‌ക് ധരിക്കുക, ഒരുമിച്ചിരുന്നു ഭക്ഷണം വേണ്ട; ചെറിയ അശ്രദ്ധ അപകടം വരുത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 09:19 AM  |  

Last Updated: 09th June 2021 09:19 AM  |   A+A-   |  

health dept warns again on covid protocol

പ്രതീകാത്മക ചിത്രം

 

കോവിഡ് പ്രതിരോധത്തില്‍ മാസ്‌ക് ധരിക്കുന്നതിനും കൈകള്‍ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവരില്‍ നിന്നും അകലം  പാലിക്കുന്നതും പ്രാഥമികവും ഏറ്റവും ശക്തമായിട്ടുള്ളതുമായ പ്രതിരോധമാര്‍ഗങ്ങളാണെന്ന് ക്ലിനിക്കലായി തന്നെ വ്യക്തമായിട്ടുള്ളതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍. കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതും  സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും  അടച്ചിടലുമൊക്കെ വളരെ വലിയതോതില്‍ പൊതുജനങ്ങള്‍ക്കിടയിലെ ജാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സാഹായിച്ചിട്ടുണ്ട്. പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പാലിക്കുമ്പോഴും അറിയാതെ പറ്റുന്ന വീഴ്ചകള്‍ രോഗം ക്ഷണിച്ചു വരുത്തുമെന്ന് ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസ് മുന്നറിയിപ്പു നല്‍കി.

വീടിനു മുന്നില്‍ മീന്‍, പച്ചക്കറി തുടങ്ങി ആവശ്യസാധനങ്ങള്‍ വില്‍ക്കാനെത്തുന്നവരുടെ അടുത്ത് മാസ്‌ക് ധരിക്കാതെ പോകരുത്. സാധനം വാങ്ങിയ ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ചെറിയ  ആള്‍ക്കൂട്ടമുണ്ടാക്കി സംസാരിച്ചു നില്ക്കരുത്. ഓഫീസ് മുറി/ തൊഴിലിടം എന്നിവിടങ്ങളില്‍ ജനാലകള്‍ തുറന്നിടാന്‍ ശ്രദ്ധിക്കുക. വീട്ടില്‍ കൊണ്ടുവരുന്ന പാഴ്‌സല്‍/ കൊറിയര്‍ എന്നിവ സാനിട്ടൈസര്‍ തളിച്ച് നന്നായി തുടച്ച് അണുവിമുക്തമാക്കുക. അവശ്യ സാധനമല്ലെങ്കില്‍ പാഴ്‌സല്‍ രണ്ടു ദിവസം കഴിഞ്ഞ് തുറക്കുക. ജോലി സ്ഥലത്ത് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കരുത്. മുഖാമുഖം ഇരുന്ന് സംസാരിക്കരുത്. ഫോണ്‍, പേന എന്നിവ കൈമാറരുത്. കടകളില്‍ തിരക്കുണ്ടെങ്കില്‍ പുറത്തു കാത്തു നില്‍ക്കുക. സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസ്സ്/ഷട്ടര്‍ എന്നിവ താഴ്ത്തിയിടുക. മുറികളിലും,  വാഹനങ്ങളിലും എ,സി ഒഴിവാക്കുക. സംസാരിക്കുമ്പോഴോ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ മാസ്‌ക് താഴ്ത്തരുത്. ദേഹത്തു പിടിച്ചു സംസാരിക്കുക,  ഹസ്തദാനം എന്നിവ പാടില്ല. അയല്‍പക്ക സന്ദര്‍ശനം പാടില്ല. കുട്ടികളെ മറ്റുവീടുകളിലെ കുട്ടികളുമായി ചേര്‍ന്ന് കളിക്കാന്‍ അനുവദിക്കരുത്. പുറത്തു പോകുമ്പോള്‍ അല്‍പസമയത്തേക്കാണ് ധരിക്കുന്നതെങ്കിലും, വസ്ത്രങ്ങള്‍ മടങ്ങിയെത്തിയാലുടന്‍ കഴുകുക. ഏത് വാഹനത്തില്‍ കയറുന്നതിനു മുമ്പും ഇറങ്ങിയ ശേഷവും കൈകള്‍ അണു വിമുക്തമാക്കുക. പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. 

പ്രതിരോധ പാഠങ്ങള്‍ പഴുതുകളടച്ച് സാഹചര്യങ്ങള്‍ക്കുനുസരിച്ച് രോഗബാധയുണ്ടാകാനിടയുള്ള സാധ്യത തിരിച്ചറിഞ്ഞ് ശരിയായി പാലിച്ചാല്‍ മാത്രമേ സുരക്ഷിതരാകാന്‍ കഴിയൂ.