'ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ', ക്ലബ്​ ഹൗസിലെ മുസ്​ലിം വിരുദ്ധ ചർച്ചക്കെതിരെ കെ സി വൈ എം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 07:03 PM  |  

Last Updated: 09th June 2021 08:04 PM  |   A+A-   |  

KCYM_CLUB_HOUSE

ചിത്രം: ഫേസ്ബുക്ക്

 

കോട്ടയം: സമൂഹമാധ്യമമായ ക്ലബ്​ ഹൗസിൽ നടന്ന മുസ്​ലിം വിരുദ്ധ വർഗീയ പ്രചാരണങ്ങളെ തള്ളിപ്പറഞ്ഞ് ക്രിസ്​ത്യൻ യുവജന സംഘടനയായ കെസിവൈഎം. മുസ്​ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുമായി യാതൊരുബന്ധവുമില്ലെന്നും​ നിശ്ചിത അജണ്ടയോടെയാണ് ഈ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നതെന്നു കെസിവൈഎം വാർത്താക്കുറപ്പിൽ പറഞ്ഞു.

ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വർഗ്ഗീയ അജണ്ടകൾ പ്രാവർത്തികമാക്കുവാൻ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ, കെസിവൈഎം പ്രസ്ഥാനത്തിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതായും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.  ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്രം പ്രതികരിക്കണമെന്ന ആവശ്യവുമായി മുന്നോട്ടു വരുന്നവരുടെ ലക്ഷ്യങ്ങൾ സംശയദൃഷ്ടിയോടെ മാത്രമേ നോക്കി കാണാൻ സാധിക്കുകയുള്ളൂ. ക്രൈസ്തവ യുവജനങ്ങൾക്ക് തെറ്റായ ചിന്തകളും ആഹ്വാനങ്ങളും നൽകുന്ന ഇത്തരം പ്രവണതകൾ ഇനിയും ആവർത്തിക്കപ്പെട്ടാൽ ശക്തമായ നടപടികളുമായി കെസിവൈഎം മുന്നോട്ടുപോകുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ക്ലബ് ഹൗസിൽ ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചിരുന്നു. കടുത്ത അന്യമതവിദ്വേഷമാണ് ചർച്ചയിലുടനീളമുണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ വിമർശനവുമുണ്ടായിരുന്നു.