'മാംഗോ ഫോണ്‍' ഉദഘാടനം ചെയ്യാമെന്നേറ്റത് താനല്ല; 2016ലെ മുഖ്യമന്ത്രിയെ ഞാന്‍ തന്നെ പറയണോ?; പിടി തോമസിന് പിണറായിയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 04:13 PM  |  

Last Updated: 09th June 2021 04:20 PM  |   A+A-   |  

pinarayi

നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നു

 


തിരുവനന്തപുരം: മുട്ടില്‍ മരംമുറിയ്ക്കല്‍ കേസുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണായി വിജയന്റെ മറുപടി. കഴിഞ്ഞ ദിവസം അടിയന്തരപ്രമേയത്തിന് അനുമതി തേടി നടത്തിയ പ്രസംഗത്തിനിടയിലാണ് തോമസ് വ്യാജപ്രചരണം നടത്തിയത്. വനംകൊള്ളക്കാര്‍ നിസാരക്കാരല്ലെന്നും നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും, അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചതെന്നുമാണ് തോമസ് വിശദീകരിച്ചത്. ഉദ്ഘാടന വേദിയില്‍ വെച്ചു പോലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല എന്നും പറഞ്ഞു. എന്നാല്‍ ആ ആരോപണത്തിന് ശക്തമായ മറുപടിയാണ് മുഖ്യമന്ത്രി ഇന്ന് നല്‍കിയത്.

'2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പി ടി തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല.'മുഖ്യമന്ത്രി പറഞ്ഞു.

ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീകള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.

ഏതായാലും, ആ തട്ടിപ്പുകാരുടെ സ്വാധീനത്തിന്റെ വലയ്ക്കുള്ളില്‍ നില്‍ക്കുന്നത് താനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത്. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പി ടി  തോമസ് കണ്ടുപിടിക്കട്ടെ.മുഖ്യമന്ത്രി മറുടി നല്‍കി

സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുതെന്നും സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സഭയോട് പി ടി തോമസ് മാപ്പുപറയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.