ഇനി തപാൽ വകുപ്പ് വഴി അസ്ഥിനിമജ്ജനവും; ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിൽ അസ്ഥി ഒഴുക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 09:11 AM  |  

Last Updated: 09th June 2021 09:11 AM  |   A+A-   |  

PostalDepartment_

എക്സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം: ഇനി തപാൽ വകുപ്പ് വഴി അസ്ഥിനിമജ്ജനവും. ഗംഗാജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കു പിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കിയിരിക്കുകയാണ് തപാൽ വകുപ്പ്. 

‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. തപാൽവകുപ്പിനോടു ‘ഓം ദിവ്യദർശൻ’ സഹായം ആവശ്യപ്പെടുകയായിരുന്നു. കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ മരണാനന്തരകർമങ്ങൾക്കു സഹായിക്കുകയാണു ലക്ഷ്യമെന്നു തപാൽവകുപ്പ്‌ പറയുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി. 

ഹരിദ്വാർ, പ്രയാഗ് രാജ്, വാരാണസി, ഗയ തുടങ്ങിയ ഇടങ്ങളിലാണ് അസ്ഥി ഒഴുക്കാൻ സംവിധാനമൊരുക്കുന്നത്. ഒഡിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് അവർ ഗംഗാജലം സൗജന്യമായി അയക്കുകയും ചെയ്യും. ബുക്കിങ്ങിനു സൗകര്യമുള്ള തിരഞ്ഞെടുത്ത പോസ്റ്റ് ഓഫീസുകളിൽ നിന്നു സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് അയക്കുക. 

ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സർക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. പായ്ക്കറ്റിനുമുകളിൽ പ്രത്യേകം ‘ഓം ദിവ്യദർശൻ’ എന്നു സൂചിപ്പിക്കാൻ പോസ്റ്റ് ഓഫീസുകൾക്കു നിർദേശം നൽകിയിട്ടുണ്ട്.