കുഴല്‍പ്പണ കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന് ബിജെപി പുറത്താക്കിയ നേതാവ് കോണ്‍ഗ്രസിലേക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2021 02:38 PM  |  

Last Updated: 09th June 2021 02:42 PM  |   A+A-   |  

rishi_palpu

ഋഷി പല്‍പ്പു/ഫെയ്‌സ്ബുക്ക്‌തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ചതിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ഒബിസി മോര്‍ച്ച വൈസ് പ്രസിഡന്റ് ഋഷി പല്‍പ്പു കോണ്‍ഗ്രസിലേക്ക്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് ഋഷി പറഞ്ഞു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ബിജെപിയില്‍ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജനാധിപത്യ രീതിയിലുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാത്ത പാര്‍ട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിയുക്ത കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഋഷിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. സുധാകരന്‍ അധ്യക്ഷനായതിന് പിന്നാലെ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് ഋഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. 

കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി പല്‍പ്പു ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. വിശദീകരണം പോലും ചോദിക്കാതെയാണ് ഈ നടപടിയെന്ന് ഋഷി പല്‍പ്പു പ്രതികരിച്ചിരുന്നു. കുഴല്‍പ്പണ കേസില്‍ ആരോപണ വിധേയരായ തൃശൂര്‍ ജില്ലാ നേതൃത്വത്തെ പിരിച്ചുവിടണം എന്നായിരുന്നു ഋഷി പല്‍പ്പു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.