സംസ്ഥാനത്തിന്റെ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് യാഥാര്‍ത്ഥ്യമാകുന്നു; നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരൂമാനം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

         
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരൂമാനം. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് വാക്‌സിന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. ഡോ. എസ് ചിത്ര ഐഎഎസിനെ വാക്്‌സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. 

ഡോ. കെപി സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെഎസ്‌ഐഡിസി) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിങ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.

സംസ്ഥാനത്ത് വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും പുനരധിവാസത്തിനുമായി ആരോഗ്യമേഖലയ്ക്ക് 20,000 കോടി രൂപയുടെ കോവിഡ് പാക്കേജ്  നല്‍കിയിട്ടുണ്ട്. മഹാമാരി നിയന്ത്രിക്കുന്നതിന് ഏറ്റവും കൂടുതല്‍  ശ്രദ്ധ നല്‍കേണ്ട മേഖലയായ വാക്സിനേഷനും, അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കുമായി 1500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com