സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുന്നു; പാര്‍ട്ടിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം, ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി ബിജെപി

ബിജെപിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍/ ഫയല്‍ ചിത്രം


തിരുവനന്തപുരം: നേതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസെടുക്കുന്നു എന്നാരോപിച്ച് ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലും, മഞ്ചേശ്വരത്ത് അപര സ്ഥാനാര്‍ത്ഥിക്ക് പണം നല്‍കിയെന്ന കേസിലും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കുരുക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഗവര്‍ണറെ കണ്ടത്. 

ബിജെപിയെ നശിപ്പിക്കാന്‍ സര്‍ക്കാര്‍ ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നുവെന്ന് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിച്ചു. കള്ള കേസ് ചമച്ച് നേതാക്കളെ ജയിലിലാക്കാന്‍ ശ്രമിക്കുകയാണ്. കൊടകര കേസില്‍ പൊലീസ് കള്ളക്കേസ് ചമക്കുന്നു. കൊടകരയില്‍ നടന്നത് കവര്‍ച്ചയാണ്. ഒരു വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തതാണ്. പിന്നെ നേതാക്കളെ കുരുക്കാനാണ് പുതിയ ടീം ഉണ്ടാക്കിയത്. അതിലെ എല്ലാ ഉദ്യോഗസ്ഥരും സിപിഎം അനുകൂലികളാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നു.

ധര്‍മ്മരാജന്‍ പണത്തിന്റെ ഉറവിടം കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറെയും അറിയിച്ചിട്ടുണ്ട്. സുന്ദര സ്വന്തം ഇഷ്ടപ്രകാരമാണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചത്. റിട്ടേണിംഗ് ഓഫീസര്‍ക്ക് മുന്നില്‍ പറഞ്ഞ കാര്യമാണ്. ഇപ്പോള്‍ കളള പരാതി ചമക്കുകയാണ്. സുരേന്ദ്രനെ കുരുക്കാന്‍ സിപിഎം നേതാവിന്റെ പരാതി കരുവാക്കുകയാണ്. പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി പോലും ചേരാന്‍ അനുവദിക്കുന്നില്ലെന്നും നേതൃത്വം ആരോപിക്കുന്നു. എന്തുകൊണ്ട് കോഴ വാങ്ങിയ സുന്ദരനെതിരെ കേസെടുക്കുന്നില്ലെന്ന് ചോദിച്ച ബിജെപി നേതൃത്വം ഡിജിപിയെ കണ്ട് പരാതി നല്‍കുമെന്നും അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com