സമ്പൂർണ ലോക്ക്ഡൗൺ; എറണാകുളത്ത് കർശന നിയന്ത്രണം; ഇളവുകൾ ഇങ്ങനെ

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th June 2021 08:56 PM  |  

Last Updated: 10th June 2021 08:56 PM  |   A+A-   |  

Complete lockdown

ഫയല്‍ ചിത്രം

 

കൊച്ചി: വരുന്ന ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കും. നാളെ അധിക ഇളവുകളോടെ കൂടുതൽ കടകൾ തുറക്കാനും ജൂൺ 12, 13 (ശനി, ഞായർ) ദിവസങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്താനുമാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. 

ജില്ലയിൽ നാളെ അവശ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വ്യവസായത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ (പാക്കേജിങ് ഉൾപ്പെടെ), നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് ജൂൺ 16 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ബാങ്കുകൾ നിലവിലുള്ളതു പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. നാളെ സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകൾ, ഒപ്റ്റിക്കൽസ് തുടങ്ങിയ കടകൾക്ക് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതൽ വൈകീട്ട് 7 വരെ പ്രവർത്തിക്കാം. പുസ്തകം, സ്ത്രീകൾക്കായുള്ള ശുചീകരണ സാമഗ്രികൾ വിൽക്കുന്ന കടകൾ, ശ്രവണ സഹായി എന്നിവ വിൽക്കുന്ന കടകൾക്കും അറ്റകുറ്റപ്പണികൾ നടത്തുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. മൊബൈൽ ഷോപ്പുകൾക്കും വെള്ളിയാഴ്ച തുറന്നു പ്രവർത്തിക്കാം

വാഹന ഷോറൂമുകൾ മെയിന്റനൻസ് വർക്കുകൾക്ക് മാത്രമായി നാളെ രണ്ട് മണി വരെ തുറക്കാവുന്നതാണ്. മറ്റ് പ്രവർത്തനങ്ങളും വിൽപനയും അനുവദിക്കില്ല.

കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാം. 

ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്‌സൽ നൽകാൻ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. 

സാമൂഹിക അകലം കർശനമായി പാലിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ വിവരം സമീപത്തെ പൊലീസ് സ്‌റ്റേഷനിൽ മുൻകൂറായി അറിയിച്ചിരിക്കണം.