കെ സുരേന്ദ്രനെ മാറ്റില്ല; 'വിവാദങ്ങള്‍ രാഷ്ട്രീയമായും നിയമപരമായും നേരിടും'

കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് നേതൃത്വം
കെ സുരേന്ദ്രന്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌
കെ സുരേന്ദ്രന്‍ ഫോട്ടോ ഫെയ്‌സ്ബുക്ക്‌

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പ്രകടനത്തിന്റെയും തുടര്‍ന്നുണ്ടായ കുഴല്‍പ്പണ വിവാദത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാന ബിജെപിയില്‍ ഉടന്‍ അഴിച്ചുപണി നടത്തേണ്ടെന്ന ധാരണയില്‍ ബിജെപി കേന്ദ്ര നേതൃത്വം. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു ഗുണം ചെയ്യില്ലെന്ന നിലപാടിലാണ് നേതൃത്വം. ഇന്നു സുരേന്ദ്രന്‍ കേന്ദ്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, വിവാദങ്ങളില്‍ വിശദീകരണം നല്‍കി.

കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഉടന്‍ സംസ്ഥാനത്ത് നേതൃമാറ്റം കൊണ്ടുവരുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ആരോപണങ്ങള്‍ അംഗീകരിക്കുന്നതിനു തുല്യമാവും അതെന്ന് നേതാക്കള്‍ പറയുന്നു.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ഡല്‍ഹിയില്‍ എത്തിയ കെ സുരേന്ദ്രന്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഢയുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങളില്‍ സുരേന്ദ്രന്‍ വിശദീകരണം നല്‍കി. രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള നിര്‍ദേശമാണ് നഡ്ഢ നല്‍കിയത്. 

രാഷ്ട്രീയ എതിരാളികളേക്കാള്‍ വിവാദങ്ങള്‍ക്കു മൂര്‍ച്ച കൂട്ടുന്നത് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് ആണെന്നാണ് നേതൃത്വം കരുതുന്നത്. ഒന്നിച്ചു നിന്നില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന സൂചന നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉടന്‍ നടപടിയുണ്ടാവുമെന്നും, എന്നാല്‍ അതു വിവാദങ്ങളുടെ പേരില്‍ ആവില്ലെന്നുമുള്ള സൂചനയാണ് നേതൃത്വം നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com