പ്രസീതയുമായി കൂടിക്കാഴ്ച നടത്തിയോ എന്നത് അപ്രസക്തം; സുരേന്ദ്രന്‌ തൊണ്ടിസഹിതം പിടിക്കപ്പെട്ടതിന്റെ വെപ്രാളം: പി ജയരാജന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 12:10 PM  |  

Last Updated: 10th June 2021 12:10 PM  |   A+A-   |  

p_jayarajan

പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളെ കാണുന്നു

 

കണ്ണൂര്‍: പ്രസീതയുമായി താന്‍ കൂടിക്കാഴ്ച നടത്തിയോ എന്നതല്ല, സുരേന്ദ്രനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് മറുപടി പറയേണ്ടതെന്ന് സിപിഎം നേതാവ് പി ജയരാജന്‍. അഴിമതി മറച്ചുവെക്കാന്‍ വേണ്ടിയുള്ള സംഘിടതമായ നുണപ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നും കെ സുരേന്ദ്രനെതിരെ ആര്‍ക്കും നിഷേധിക്കാനാവാത്ത വിധം ഡിജിറ്റല്‍ തെളിവുകളാണ് പ്രസീത പുറത്തുവിട്ടതെന്നും പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

സികെജാനുവിന്റെ പാര്‍ട്ടിയുടെ ട്രഷററായി പ്രവര്‍ത്തിച്ചയാളായ പ്രസീതയാണ് കെ സുരേന്ദ്രനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അതിനാണ് സുരേന്ദ്രന്‍ മറുപടി പറയേണ്ടത്. താനുമായി പ്രസീത ചര്‍ച്ച നടത്തിയോ എന്ന കാര്യം അപ്രസക്തമാണ്. കുറ്റവാളി തൊണ്ടിസഹിതം പിടിക്കപ്പെട്ടപ്പോഴുണ്ടായ വെപ്രാളമാണ് സുരേന്ദ്രന്റെ പ്രതികരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. 

പ്രസീതയുമായി രണ്ടരവര്‍ഷം മുന്‍പെ കണ്ടിട്ടുണ്ടെങ്കില്‍ അത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായിരിക്കും. അതുകൊണ്ട് താന്‍ കണ്ടോ എന്നത് അപ്രസക്തമായ കാര്യമാണ്. പ്രസീത സുരേന്ദ്രനെതിരെ നല്‍കിയത് ഡിജിറ്റല്‍ തെളിവുകളാണ്. ജനത്തിന് കാര്യം ബോധമായപ്പോള്‍ അതില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ബിജെപിയും സുരേന്ദ്രനും ശ്രമിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു.

സികെ ജാനുവുമായി ബന്ധപ്പെട്ട വിവാദം ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ഇന്നലെ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ജാനു പണം വാങ്ങിയെന്നാരോപിച്ച പ്രസീത സിപിഎം നേതാവ് പി ജയരാജനുമായി കണ്ണൂരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് തന്റെ പക്കല്‍ തെളിവുണ്ടെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.