സംസാരിക്കാനായി ടിവി ഉച്ചത്തില്‍ വെക്കും; കാര്യമായ രോഗമൊന്നുമില്ലാതെ പത്ത് വര്‍ഷം; 'ഒറ്റമുറി' അനുഭവം തുറന്നുപറഞ്ഞ് സാജിതയും റഹ്മാനും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 05:02 PM  |  

Last Updated: 10th June 2021 05:02 PM  |   A+A-   |  

rahman-_sajitha

റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം

 

പാലക്കാട്: പത്ത് വര്‍ഷം യുവതിയെ വീട്ടിലൊളിപ്പിച്ച വാര്‍ത്തയുടെ അമ്പരപ്പ് ഇപ്പോഴും മലയാളികള്‍ക്ക്് വിട്ടുമാറിയിട്ടില്ല. അകത്തിരുന്ന പത്ത്് വര്‍ഷത്തെ സംഭവവികാസങ്ങള്‍ മാധ്യമങ്ങള്‍ക്ക്് മുന്നില്‍ വെളിപ്പെടുത്തുകയാണ് സാജിതയും റഹ്മാനും. വീട്ടുകാരെ ഭയന്നാണ് സാജിതയെ ഒളിപ്പിച്ചതെന്നാണ് റഹ്മാന്‍ പറയുന്നത്. 

ഒറ്റമുറിയില്‍ കഴിഞ്ഞ അനുഭവം പറഞ്ഞാല്‍ മനസ്സിലാകില്ലെന്ന് സാജിത പറയുന്നു. ഭര്‍ത്താവായിട്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഭക്ഷണത്തിന്റെ പകുതി എനിക്ക് തന്നിരുന്നു. റൂമില്‍ ടിവി സെറ്റാക്കി വച്ചിരുന്നു. ഇത് ഹെഡ്‌സെറ്റ് വച്ച് കേള്‍ക്കും. അങ്ങനെയാണ് റഹിമാന്‍ ജോലിക്ക് പോകുമ്പോള്‍ സമയം ചെലവഴിക്കുന്നത്. എന്റെ വീട്ടുകാര്‍ വിളിച്ചു. ഇപ്പോള്‍ സമാധാനമായെന്നും പത്തു വര്‍ഷം ഒറ്റമുറിയില്‍ കഴിഞ്ഞ സാജിത പറയുന്നു

10 വര്‍ഷം എങ്ങനെ ജീവിച്ചുവെന്ന് പറയാന്‍ പറ്റില്ല. എനിക്ക് കിട്ടിയ ഭക്ഷണം എല്ലാം ഭാര്യക്ക് കൊടുത്തതായി റഹ്മാന്‍ പറയുന്നു. പ്രണയിക്കാന്‍ തുടങ്ങിയിട്ട്് രണ്ട് കൊല്ലമായിരുന്നു. പെട്ടെന്ന് അവള്‍ ഇറങ്ങിവന്നു. വീട്ടിലിരിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു. കുറച്ച് പണം കിട്ടാനുണ്ടായിരുന്നു. അത് കിട്ടിയത് താമസിച്ചു. പണം കിട്ടിയത് വീട്ടുകാര്‍ വാങ്ങിയെടുത്തു. അതോടെ എങ്ങും പോകാന്‍ പറ്റിയില്ലെന്നും റഹ്മാന്‍ പറഞ്ഞു.

ഇലക്രോണിക്‌സ് കാര്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യമാണ്. അങ്ങനെയാണ് വാതിലിന്റെ ഓടാമ്പലില്‍ ഷോക്ക് ഒക്കെ ഘടിപ്പിച്ചത്. ഭാര്യ കൂടെയുള്ള കാര്യം ആരും അറിഞ്ഞിരുന്നില്ല. കോവിഡ്കാലം വന്നതോടെ വീട്ടുകാര്‍ മാനസികമായി എന്നെ ബുദ്ധിമുട്ടിച്ചു. എന്നെ പലയിടത്തുംകൊണ്ടുപോയി കൂടോത്രം ചെയ്യിച്ചു. 10 വര്‍ഷമായി ഭാര്യക്ക് ഒരു അസുഖവും വന്നിട്ടില്ല. ചെറിയ പനിക്ക് പാരസെറ്റമോള്‍ ഒക്കെ വാങ്ങി കൊടുത്തതായു റഹ്മാന്‍ പറഞ്ഞു.

എന്നാല്‍ ഈ സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസ് സംഘം നേരിട്ട് പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ഇവര്‍ പറഞ്ഞതെല്ലാം വിശ്വസിക്കാനാവുന്ന കാര്യങ്ങളാണെന്നും നെന്മാറ എസ്എച്ച്ഒ പറഞ്ഞു. 
അയിലൂരിലെ റഹ്മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടില്‍ പത്ത് വര്‍ഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരന്‍ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തില്‍ നിര്‍ണായകമായത്. തുടര്‍ന്ന് റഹ്മാന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് പത്ത് വര്‍ഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്നും പത്ത് വര്‍ഷം യുവതിയെ സ്വന്തം വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാന്‍ വെളിപ്പെടുത്തിയപ്പോള്‍ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാല്‍ ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ഇതെല്ലാം നടക്കാവുന്ന കാര്യങ്ങളാണെന്നുമാണ് നെന്മാറ എസ്.എച്ച്.ഒ. പറഞ്ഞത്.

യുവതി വളരെ ബോള്‍ഡായാണ് സംസാരിച്ചത്. 18 വയസ്സുള്ളപ്പോഴാണ് അവര്‍ റഹ്മാനൊപ്പം ജീവിതം ആരംഭിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന കാര്യം ആര്‍ക്കും അറിയുമായിരുന്നില്ല. അതിനാല്‍തന്നെ യുവതിയെ കാണാതായ സംഭവത്തില്‍ റഹ്മാനെ ആരും സംശയിച്ചതുമില്ല. നാലു ജോഡി വസ്ത്രങ്ങളുമായാണ് അന്ന് യുവതി വീടു വിട്ടിറങ്ങിയത്. ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയതാണെന്ന് അന്നേ വീട്ടുകാര്‍ സംശയിച്ചിരുന്നു. മൊബൈല്‍ ഫോണൊന്നും ഉപയോഗിക്കാതിരുന്നതും അന്നത്തെ അന്വേഷഷത്തില്‍ വെല്ലുവിളിയായി.

പത്ത് വര്‍ഷം വീട്ടിലെ ചെറിയ മുറിയിലാണ് യുവാവ് യുവതിയെ ഒളിപ്പിച്ച് താമസിപ്പിച്ചത്. വീട്ടുകാരെ ആരെയും മുറിയിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. ഭക്ഷണമെല്ലാം മുറിയില്‍ കൊണ്ടുപോയാണ് കഴിച്ചത്. മകന് മാനസികപ്രശ്‌നമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് തോന്നിയത് യുവാവിന് സഹായകമായി. ഇത് മറയാക്കിയായിരുന്നു പിന്നീടുള്ള പെരുമാറ്റം. മാനസികപ്രശ്‌നമുള്ളയാളല്ലേ, അവന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ശല്യം ചെയ്യേണ്ട എന്നുകരുതി വീട്ടുകാരും റഹ്മാന്റെ കാര്യങ്ങളില്‍ ഇടപെട്ടില്ല.

'യുവാവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും അവരുടെ കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ആ കുട്ടി ഒരിക്കല്‍പോലും യുവാവിന്റെ മുറി കണ്ടിട്ടില്ല. മുറിയില്‍നിന്ന് രഹസ്യമായി പുറത്തു പോകാന്‍ ജനല്‍ പോലെ ഒരു വിടവ് ഉണ്ടാക്കിയിരുന്നു. അടിയന്തരഘട്ടങ്ങളില്‍ യുവതിയ്ക്ക് കയറിയിരിക്കാന്‍ പാകത്തില്‍ ഒരു പ്രത്യേക പെട്ടിയും ഉണ്ടായിരുന്നു. വീടുപണി നടക്കുന്ന സമയത്തെല്ലാം ഈ പെട്ടിയിലാണ് യുവതി കഴിഞ്ഞിരുന്നത്.

പുറത്തുനിന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചാല്‍ ഉള്ളിലെ ലോക്ക് താനെ അടയുന്ന സാങ്കേതികവിദ്യയും യുവാവ് ഒരുക്കിയിരുന്നു. ടിവി ഉച്ചത്തില്‍വെച്ചാണ് ഇരുവരും പരസ്പരം സംസാരിച്ചിരുന്നത്. വലിയ അസുഖങ്ങളൊന്നും ഇക്കാലയളവില്‍ വന്നില്ലെന്നാണ് പറഞ്ഞത്. ചെറിയ ചില മരുന്നുകളെല്ലാം വാങ്ങി സൂക്ഷിക്കുകയും ചെയ്തിരുന്നതായും എസ്എച്ചഒ പറഞ്ഞു.