മദ്രസ അധ്യാപകരുടെ വേതനം; സഭയില്‍ വരുന്നതിനു മുമ്പേ മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്നതില്‍ നപടി

ചോദ്യോത്തര വേളയില്‍ മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്
നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നു
നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയുന്നു

തിരുവനന്തപുരം: ചോദ്യോത്തര വേളയില്‍ മറുപടിക്ക് മുന്‍പ് മുഖ്യമന്ത്രിയുടെ ഉത്തരം ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിന് സ്പീക്കറുടെ റൂളിങ്. വിഷയത്തില്‍ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനുചിത ഇടപെടല്‍ ഉണ്ടായെന്നും സ്പീക്കര്‍ പറഞ്ഞു.
മദ്രസ അധ്യാപകരുടെ വേതനം സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി ഉത്തരം നല്‍കുന്നതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിച്ചതുമായി ബന്ധപ്പെട്ട് മഞ്ഞളാംകുഴി അലി എംഎല്‍എയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. 

വകുപ്പ് തലത്തില്‍ നിന്ന് മന്ത്രിക്ക് എഴുതി നല്‍കേണ്ട വിവരമാണ് ചോര്‍ന്നത്.എന്നാല്‍ ഇത് നിയമസഭാംഗങ്ങളുടെ അവകാശ ലംഘനമല്ലെങ്കിലും ചട്ടവിരുദ്ധമായ നടപടിയാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കുറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതരെ കര്‍ശന നടപടി എടുക്കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കിയത്.

മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്നും മദ്രസ മാനേജുമെന്റുകളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിച്ചാണ് സര്‍ക്കാര്‍ മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ശ്രമം തുടങ്ങിയിട്ടുണ്ട്. വിവര പൊതുജന സമ്പര്‍ക്ക വകുപ്പിന്റെ ഫാക്ട് ചെക്ക് ടീം വിഷയം രജിസ്റ്റര്‍ ചെയ്ത് പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com