'അതിലൊന്നുമില്ല സാറേ, പഴയ പഴ്സാണ്'; മഴയിൽ കുതിർന്ന് റോഡിൽ കിടന്ന പഴ്സ് തപ്പിയ പൊലീസ് ഞെട്ടി, 2 ലക്ഷത്തിന്റെ സ്വർണ തകിട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 08:45 AM  |  

Last Updated: 11th June 2021 08:48 AM  |   A+A-   |  

purse_lost_pti

ഫോട്ടോ: പിടിഐ

 

തൃശൂർ: മഴ നനഞ്ഞു കുതിർന്ന നിലയിലൊരു പഴ്സ് റോഡിൽ കിടക്കുന്നത് കണ്ട് അതുവഴി വന്നൊരു ചെറുപ്പക്കാരനാണ് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസുകാരെ ഏൽപ്പിച്ചത്. പഴ്സിനുള്ളിലുണ്ടായിരുന്ന സത്യവാങ്മൂലത്തിലെ നമ്പറിൽ വിളിച്ചപ്പോൾ  അതു പഴയ പഴ്സാണ് സർ. കാര്യമായൊന്നും അതിലില്ല. അതുകൊണ്ടാ അന്വേഷിക്കാതിരുന്നത് എന്നായിരുന്നു മറുപടി. എന്നാൽ പഴ്സിനുള്ളിൽ തിരഞ്ഞ പൊലീസുകാർ ഞെട്ടി. 

പഴ്സിന്റെ ഉൾഭാഗം വെറുതെയൊന്നു പരിശോധിച്ചു നോക്കിയ പൊലീസിന് ലഭിച്ചത് 2 ലക്ഷം രൂപയോളം വിലമതിക്കുന്ന തങ്കത്തകിട്. പിന്നാലെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി. തങ്കത്തകിട് കാണിച്ചപ്പോഴാണ് അതിന്റെ കാര്യം അയാൾക്ക് ഓർമ വന്നത്. ചേലക്കോട്ടുകര സ്വദേശിയായ ഇയാൾ സ്വർണാഭരണ നിർമാണശാലയുടെ ഉടമയാണ്. പൊലീസുകാർക്ക് പഴ്സ് കൈമാറുകയും ചെയ്തു. 

കിഴക്കേക്കോട്ടയിൽ വാഹനപരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിന്റെ കൈകളിലാണ് പഴ്സ് എത്തിയത്. പഴ്സിന്റെ ഉള്ളറ പരിശോധിച്ചപ്പോൾ കടലാസിൽ പൊതിഞ്ഞ എന്തോ വസ്തു പൊലീസുകാരുടെ കയ്യിൽ തടഞ്ഞു. തുറന്നു നോക്കിയപ്പോൾ 40 ഗ്രാം തൂക്കമുള്ള തങ്കത്തകിട് കണ്ടു. പഴ്സിനുള്ളിൽ സ്വർണം വച്ചിരുന്ന കാര്യം മറന്നു പോയതാണു കാരണം. ഒടുവിൽ ഈസ്റ്റ് എസ്എച്ച്ഒയുടെ അനുവാദത്തോടെ തങ്കത്തകിട് പഴ്സുടമയ്ക്കു കൈമാറി.