മുട്ടില്‍ മരം മുറി : അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റി ; അറിയില്ലെന്ന് മന്ത്രി

വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും ഒരു കഷണം മരം പോലും നഷ്ടപ്പെട്ടിട്ടില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ സംഘത്തില്‍ നിന്നും ഡിഎഫ്ഒ പി ധനേഷ് കുമാറിനെ മാറ്റി. പകരം പുനലൂര്‍ ഡിഎഫ് ഒ ബൈജു കൃഷ്ണന് ചുമതല നല്‍കി. മുട്ടില്‍ മരം മുറിയില്‍ ഉദ്യോഗസ്ഥ വീഴ്ച കണ്ടെത്തിയത് ധനേഷാണ്. മുറിച്ചു കടത്തിയ മരം തൃശൂരില്‍ നിന്നും കണ്ടെത്തിയതും ധനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.

ഡിഎഫ്ഒ ഷാനവാസിനെ വയനാടിന്റെ ചുമതലയില്‍ നിന്നും ഇടുക്കിയിലേക്ക് മാറ്റി. ഭരണപരമായ കാരണങ്ങള്‍ കൊണ്ടാണ് നടപടി എന്നാണ് വിശദീകരണം. തൃശ്ശൂരിന്റെയും എറണാകുളത്തെയും പരിശോധനാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഡിഎഫ്ഒ ധനേഷ് കുമാര്‍. 

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ മാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ നിന്നും ഉദ്യോഗസ്ഥനെ മാറ്റിയെങ്കില്‍ അക്കാര്യം അന്വേഷിക്കും. തനിക്ക് ലഭിച്ച റിപ്പോര്‍ട്ടില്‍ ധനേഷ് കുമാര്‍ അന്വേഷണ സംഘത്തിലുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.

വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ നിന്നും ഒരു കഷണം മരം പോലും നഷ്ടപ്പെട്ടിട്ടില്ല. ഈ ഉത്തരവ് വനം വകുപ്പിന്റേതല്ല. ഉത്തരവു പുറപ്പെടുവിച്ചതും, റദ്ദാക്കിയതും റവന്യൂ വകുപ്പാണ്. ഇതില്‍ വനം വകുപ്പിന് പങ്കില്ല. മരം മുറിച്ചത് പട്ടയ ഭൂമിയില്‍ നിന്നാണ്. എന്നാല്‍ തന്നെ ലക്ഷ്യമിട്ട് ആരോപണം ഉന്നയിക്കുകയാണ്. 

ഈ ഉത്തരവ് പ്രകാരം മുറിച്ച മരം കടത്തിക്കൊണ്ടു പോകാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി വേണം. വനം വകുപ്പ് അത്തരത്തില്‍ പാസ് നല്‍കിയതായി കണ്ടെത്തിയിട്ടില്ല. എങ്കിലും ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഇതിന് ഒത്താശ നല്‍കിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. വനം വകുപ്പിന് പങ്കില്ലാത്ത കേസില്‍ വകുപ്പിനെ ടാര്‍ജറ്റ് ചെയ്യുകയാണ്. 

മുറിച്ച മരങ്ങള്‍ പിടിച്ചെടുത്തതും, ഇതില്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കൂട്ടുനിന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണോ തെറ്റെന്നും വനം മന്ത്രി ചോദിച്ചു. മരംമുറി വിവാദത്തില്‍ ഇടക്കാല റിപ്പോര്‍ട്ട് തേടുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയശേഷം വേണമെങ്കില്‍ മറ്റ് വകുപ്പുകളുടെ അന്വേഷണം ഉണ്ടാകുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com