ആയിരത്തിൽ അഞ്ച് പേർക്ക് തൊഴിലവസരം;  2464.92 കോടിയുടെ 100 ദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് നൂറു ദിന പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളത്
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം
മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം

തിരുവനന്തപുരം: ജൂൺ 11 മുതൽ സെപ്തംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞവർഷത്തെപ്പോലെ സാമ്പത്തിക ഉത്തേജനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പരിപാടികൾ ഇക്കുറിയും ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കുമാണ്  പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂ‌ട്ടിച്ചേർത്തു. 

നൂറു ദിന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് ഉൾപ്പെട്ടിട്ടുള്ളത്.  20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ.ഡിസ്കിൻറെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ അഞ്ച് പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കും. വിവിധ വകുപ്പുകളുടെ കീഴിൽ പ്രത്യക്ഷമായും പരോക്ഷമായും ഉദ്ദേശം 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളിൽ സൃഷ്ടിക്കുന്നത്.   

വ്യവസായ വകുപ്പ് 10,000, സഹകരണം 10,000, കുടുംബശ്രീ 2,000, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ 2,000, വനിതാവികസന കോർപ്പറേഷൻ 2,500, പിന്നോക്കവികസന കോർപ്പറേഷൻ 2,500,  പട്ടികജാതി, പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ  2,500, ഐ.ടി. മേഖല 1000, തദ്ദേശ സ്വയംഭരണ വകുപ്പ്  7,000 (യുവ വനിതാ സംരംഭകത്വ പരിപാടി  5000, സൂക്ഷ്മ സംരംഭങ്ങൾ  2000),  ആരോഗ്യവകുപ്പ്  4142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ്  350 (പരോക്ഷമായി), ഗതാഗത വകുപ്പ്  7500,  റവന്യൂ വകുപ്പിൽ വില്ലേജുകളുടെ റീസർവ്വേയുടെ ഭാഗമായി 26,000 സർവ്വേയർ, ചെയിൻമാൻ എന്നിവരുടെ തൊഴിലവസരങ്ങൾ  അടങ്ങിയിട്ടുണ്ട്.  കെ.എസ്.ഐ.ഡി.സി വഴി മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി ആരംഭിക്കും.  ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ പരമാവധി 2 കോടി വരെ വായ്പ ലഭ്യമാക്കും. 

നൂറുദിനപരിപാടിയുടെ  നടപ്പാക്കൽപുരോഗതി നൂറു ദിവസങ്ങൾ പൂർത്തിയാകുമ്പോൾ പ്രത്യേകം അറിയിക്കും. റീബിൽഡ് കേരള ഇനിഷ്യേറ്റീവിനായി 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.  സംസ്ഥാന വിഹിതം കൂടി ചേർത്ത് ആർ കെ ഐ പദ്ധതികൾക്കായി 8,425 കോടി രൂപ ലഭ്യമാകും. ഇതിൽനിന്ന് വരുന്ന നൂറു ദിനങ്ങളിൽ 945.35 കോടി രൂപയുടെ 9 റോഡ് പ്രവർത്തികൾ ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് ഈ നൂറുദിനങ്ങളിൽ 1519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും. 200.10 കോടിയുടെ കിഫ്ബി റോഡ്- പാലം പദ്ധതികൾ നൂറ് ദിവസത്തിനകം ഉദ്ഘാനം ചെയ്യും.

സുഭിക്ഷം, സുരക്ഷിതം കേരളം എന്ന ലക്ഷ്യത്തോടെ 25,000 ഹെക്ടറിൽ ജൈവകൃഷി ആരംഭിക്കും. 100 അർബൻ സ്ട്രീറ്റ് മാർക്കറ്റ് ആരംഭിക്കും. കുട്ടനാട് ബ്രാൻഡ് അരി  മില്ലിൻറെ പ്രവർത്തനം തുടങ്ങും. കാസർകോട്  ഇ എം എൽ ഏറ്റെടുക്കും. ഉയർന്ന ഉൽപാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും. കാഷ്യൂ ബോർഡ്  8000 മെട്രിക് ടൺ കശുവണ്ടി ലഭ്യമാക്കി 100 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ നടപടി സ്വീകരിക്കും.12000 പട്ടയങ്ങൾ വിതരണം ചെയ്യും.

ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങും. തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും. ലൈഫ് മിഷൻ 10,000 വീടുകൾ കൂടി പൂർത്തീകരിക്കും. വിദ്യാശ്രീ പദ്ധതിയിൽ  50,000 ലാപ്ടോപ്പുകളുടെ വിതരണം ആരംഭിക്കും. 

പൊതുവിദ്യാഭ്യാസ വകുപ്പിൽ കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ 5 കോടി രൂപയുടെ 20 സ്കൂളുകളും 3 കോടി രൂപയുടെ 30 സ്കൂളുകളും പ്ലാൻ ഫണ്ട് മുഖേന നിർമ്മാണം പൂർത്തിയായ 40 സ്കൂളുകളുമടക്കം  90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും.43 ഹയർ സെക്കൻഡറി ലാബുകളും 3 ലൈബ്രറികളും തുറക്കും. ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ് ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും. 

സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി അദ്ധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാൻ കഴിയുന്ന ഓൺലൈൻ ക്ലാസുകൾ ആവിഷ്കരിച്ച് നടപ്പാക്കും. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വീടുകളിൽ പുസ്തകം എത്തിക്കുന്നതിൻറെ ഭാഗമായി 'വായനയുടെ വസന്തം' പദ്ധതി ആരംഭിക്കും. 

സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോർട്ടുകളെയും ആഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരാനുള്ള നടപടികളെടുക്കും. കോസ്റ്റൽ റെഗുലേറ്ററി സോൺ ക്ലിയറൻസിനായുള്ള അപേക്ഷ ഓൺലൈനായി സ്വീകരിച്ച് തുടങ്ങും. ചെല്ലാനം കടൽ തീരത്തെ കടലാക്രമണം തടയാൻ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവർത്തിക്ക് തുടക്കം കുറിക്കും. 

യുവ സംരംഭകർക്കായി 25 സഹകരണ സംഘങ്ങൾ ആരംഭിക്കും. വനിതാ സഹകരണ സംഘങ്ങൾ വഴി മിതമായ നിരക്കിൽ മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉൽപന്നങ്ങളുടെ 10 നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കും. കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി ഒരു സംഭരണ, സംസ്കരണ വിപണന സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 2 ആധുനിക റൈസ് മില്ലുകൾ ആരംഭിക്കും. 

നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങും. ഒരു സംഘം പരമാവധി 5 ലക്ഷം രൂപ  വായ്പയായി നൽകുന്ന പദ്ധതിയാണിത്. 308 പുനർഗേഹം വ്യക്തിഗത വീടുകൾ (30.80 കോടി രൂപ ചെലവ് ) കൈമാറും. 303 പുനർഗേഹം ഫ്ളാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിൽ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും. പട്ടിക ജാതി വികസന വകുപ്പ് പൂർത്തിയാകാതെ കിടക്കുന്ന 1000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കും.പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിർമ്മാണം, വൈദ്യുതീകരണം,  ഫർണിച്ചർ എന്നിവയുൾപ്പെടെ 1000 എണ്ണം പൂർത്തീകരിക്കും. പട്ടികവർഗ്ഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സർവ്വെ റിപ്പോർട്ട് പ്രസിദ്ധീകരിക്കും. 

കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ ജനറേറ്റർ പ്ലാൻറ്, കോന്നിയിൽ ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി എന്നിവ ആരംഭിക്കും. വിമൻ ആൻഡ് ചിൽഡ്രൻ ഹോമുകളിൽ ദീർഘകാലം താമസിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തൃശൂർ  രാമവർമപുരത്ത് മോഡൽ വിമൻ ആൻഡ്  ചിൽഡ്രൻ ഹോം തുറക്കും. 

സ്പോർട്സ് കേരള ഫുട്ബോൾ അക്കാദമി, തിരുവനന്തപുരത്തും കണ്ണൂരും പൂർത്തീകരിക്കും .വനിതാ ഫുട്ബോൾ അക്കാദമി  ഉദ്ഘാടനം ചെയ്യും. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരെ ബസ് സ്റ്റാൻഡുകളിൽ നിന്നും വീടുകളിൽ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാഫീഡർ സർവ്വീസ് തുടങ്ങും.

ഗെയിൽ പൈപ്പ് ലൈൻ (കൊച്ചി-പാലക്കാട്) ഉദ്ഘാടനം, കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് ഹബ്ബ്, പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിനുള്ള ഗ്രീൻ റിബേറ്റ് ആഗസ്ത്തിൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ മാനദണ്ഡങ്ങൾ രൂപീകരണം, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻ രക്ഷാമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ  ഉദ്ഘാടനം, കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണപ്പെട്ട് അനാഥരായ കുട്ടികൾക്കുള്ള ധനഹായവിതരണം, ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകൽ, വിശപ്പ് രഹിതകേരളം  ജനകീയ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന പരിപാടി ആരംഭിക്കുക, എന്നിവയാണ് നൂറു ദിവസങ്ങൾക്കുള്ളിൽ ചെയ്യാനുദ്ദേശിക്കുന്ന മറ്റു ചില പ്രധാന കാര്യങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com