കെ സുരേന്ദ്രന്‍
കെ സുരേന്ദ്രന്‍

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനൽ വകുപ്പുകൾ ചുമത്തും

ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയിലാണ് നടപടി

തിരുവനന്തപുരം; മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ വകുപ്പുകൾ ചുമത്താൻ പൊലീസ് നീക്കം. ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയിലാണ് നടപടി. 

കാസര്‍കോട് ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്നലെയാണ് പത്രിക പിന്‍വലിക്കാന്‍ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ സുന്ദരയുടെ മൊഴിയെടുത്തത്. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള മുന്‍ മൊഴിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സുന്ദര പറഞ്ഞിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ട് പോകല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ കൂടി എഫ്‌ഐആറില്‍ ചേര്‍ക്കാനാണ് നീക്കം. ബിജെപി പ്രാദേശിക നേതാക്കളെ കൂടി കേസില്‍ പ്രതി ചേര്‍ത്തേക്കും.

കെ സുരേന്ദ്രന്റെ വിമതനായി മത്സരിക്കാൻ പത്രിക നൽകിയ സുന്ദര പണം വാങ്ങി പത്രിക പിൻവലിക്കുകയായിരുന്നു. അതിനിടെ ഒന്നിനു പുറകെ ഒന്നായി വിവാദത്തിൽ നിറയുകയാണ് കെ സുരേന്ദ്രൻ. ഡൽഹിയിൽ തുടരുന്ന കെ സുരേന്ദ്രന്‍ ദേശീയ നേതാക്കളുമായി ഇന്നും കൂടിക്കാഴ്ച നടത്തും. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ ഇന്ന് കാണും. ഇന്നലെ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയെ കണ്ടിരുന്നു. എന്നാൽ നേതൃമാറ്റം തൽക്കാലമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com