'ലോകം മുഴുവൻ സുഖം പകരാനായ്'​, കന്നിപ്രസം​ഗത്തിൽ പാട്ടുപാടി ദലീമ; കയ്യടിച്ച് സഭ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 09:43 AM  |  

Last Updated: 11th June 2021 09:43 AM  |   A+A-   |  

daleema_mla_sing in assembly

ദലീമ/ ഫേയ്സ്ബുക്ക്

 

തിരുവനന്തപുരം; ഇത്തവണ കേരള നിയമസഭയെ സം​ഗീതസാന്ദ്രമാക്കുകയാണ് ചലച്ചിത്ര പിന്നണി ​ഗായിക ദലീമയുടെ സാന്നിധ്യം. അരൂർ എംഎൽഎയായ ദലീമ തന്റെ കന്നി പ്രസം​ഗത്തിലൂടെ തന്നെ പാട്ടുപാടി സഭയുടെ കയ്യടി നേടിയിരിക്കുകയാണ്. വോട്ടോൺ അക്കൗണ്ട്​ പാസാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ പങ്കെടുത്തുകൊണ്ടുള്ള പ്രസം​ഗത്തിലാണ് ദലീമ പാട്ടുപാടിയത്. 

ലോകം മുഴുവൻ സുഖം വരണമെന്ന്​ ചിന്തിച്ചാണ്​ താനും ത​ൻെറ സർക്കാറും പ്രവർത്തിക്കുന്നതെന്നും അതിനുള്ള അംഗീകാരമാണ്​ ലഭിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. തുടർന്നാണ്​ ഭരണപക്ഷ ബെഞ്ചിൽനിന്ന്​ പാട്ടുപാടണമെന്ന ആവശ്യമുയർന്നത്​. തുടർന്ന്​ 'ലോകം മുഴുവൻ സുഖം പകരാനായ്​ സ്​നേഹദീപമേ മിഴിതുറക്കൂ' എന്ന ഗാനം ആലപിച്ചാണ്​ അവർ പ്രസംഗം അവസാനിപ്പിച്ചത്​. ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്​പീക്കർ അഭിനന്ദനവും നന്ദിയും അറിയിച്ചു. പിന്നാലെ ഭരണ-പ്രതിപക്ഷാംഗങ്ങൾ ഡസ്കിൽ അടിച്ചും ദലീമക്ക്​ അരികിലെത്തിയും അഭിനന്ദിച്ചു.  

ദലീമ യാദൃശ്ചികമായാണ് രാഷ്ട്രീയരംഗത്തെത്തിയത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് അരൂര്‍ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച ദലീമ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ദലീമയ്ക്ക് നിയമസഭാ മണ്ഡലത്തില്‍ സിപിഎം അരൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കുകയായിരുന്നു.