ലോക്ക്ഡൗൺ ഫലം കാണുന്നു; സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്ക്  |   Published: 11th June 2021 07:01 PM  |  

Last Updated: 11th June 2021 07:01 PM  |   A+A-   |  

pinarayi CM says covid spread in the state is declining

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം/ വീഡിയോ ദൃശ്യം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് ഫലം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിലും രോഗ വ്യാപനത്തിന്റെ തോതിലും കുറവ് വന്നു. ആശുപത്രിയിലെ രോഗികളുടെ എണ്ണവും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിലും കുറവ് വന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

കേസുകൾ കുറയുന്നുവെങ്കിലും ആശ്വസിക്കാനായിട്ടില്ല. പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ പുതിയ കേസുകളുടെ എണ്ണം കൂടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടുന്നുണ്ട്. ടിപിആർ പത്ത് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ടിപിആർ കൂടിയ ജില്ലകളിൽ നിയന്ത്രണം ശക്തമാക്കും. പരിശോധന കൂട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.