എല്ലാവരും കാൺകെ പുതുജീവിതത്തിലേക്ക്, റഹ്മാനും സജിതയ്ക്കും സഹായവുമായി പൊലീസും നാട്ടുകാരും

മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പോലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി
റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം
റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം

പാലക്കാട്; പത്തു കൊല്ലത്തെ ഒളിവു ജീവിതത്തിനു ശേഷം റഹ്മാനും സജിതയും പുതുജീവിതത്തിലേക്ക് കടക്കുകയാണ്. സഹായങ്ങളുമായി പൊലീസും നാട്ടുകാരും എത്തിയതോടെ തുടക്കം എളുപ്പമായി. മൂന്നുമാസമായി ഇവര്‍ കഴിയുന്ന വാടകവീട്ടിലേക്ക് വ്യാഴാഴ്ച നെന്മാറ പൊലീസിന്റെ വകയായി പാചകവാതകവും സ്റ്റൗവുമെത്തി. പച്ചക്കറിയും മറ്റു  നിത്യോപയോഗസാധനങ്ങളുമടക്കമുള്ള സഹായങ്ങളുമായി നാട്ടുകാരും ഇവരെ തേടിയെത്തി.

പൊലീസിന്റെ നേതൃത്വത്തില്‍ ഇരുവര്‍ക്കും മനഃശാസ്ത്ര കൗണ്‍സലിങ്ങും ലഭ്യമാക്കി. രമ്യ ഹരിദാസ് എംപി ഉള്‍പ്പെടെയുള്ളവർ പിന്തുണയായി എത്തിയതും ദമ്പതികൾക്ക് ആശ്വാസമായി. എല്ലാവരും കണ്ടും അറിഞ്ഞും തന്നെ അവർ ജീവിക്കട്ടെ എന്ന കുറിപ്പിനൊപ്പം ഇരുവർക്കും ഒപ്പമുള്ള ചിത്രവും പങ്കുവെച്ചു. 

അതേസമയം, സ്വന്തം വീട്ടിലെ ശൗചാലയസൗകര്യം പോലുമില്ലാത്ത കുടുസ്സുമുറിയില്‍ മറ്റുള്ളവരറിയാതെ പത്തുവര്‍ഷം സജിതയെ പാര്‍പ്പിച്ചുവെന്ന റഹ്മാന്റെ വിശദീകരണത്തിലെ ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം നടത്തി. ആലത്തൂര്‍ ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷ് കുമാര്‍, നെന്മാറ സി.ഐ. എ. ദീപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അയിലൂര്‍ കാരക്കാട്ടുപറമ്പിലെ വീട്ടില്‍ പരിശോധന നടത്തി. ഇവര്‍ കഴിഞ്ഞിരുന്ന മുറിയും അകത്തേക്കും പുറത്തേക്കും കടക്കാവുന്ന ജനാലയും പരിശോധിച്ചു. ഇവര്‍ ഒരുമിച്ചുജീവിക്കാന്‍ തീരുമാനിച്ചവരായതിനാലും പരാതിയില്ലാത്തതിനാലും തുടരന്വേഷണമില്ലെന്നും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com