മുട്ടിൽ മരം മുറി; അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ തിരിച്ചെടുത്തു; അധിക ചുമതല

മുട്ടിൽ മരം മുറി; അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയ ഡിഎഫ്ഒ ധനേഷ് കുമാറിനെ തിരിച്ചെടുത്തു; അധിക ചുമതല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് മാറ്റിയ കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനം മന്ത്രിയുടെ നിർദേശ പ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതൽ ചുമതലയോടെയാണ് തിരിച്ചെടുത്തത്. നോർത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നൽകിയിരിക്കുന്നത്. 

അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് വിവാദമായിരുന്നു. ധനേഷ് കുമാറിനെ മാറ്റി പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നൽകി. പിന്നാലെയാണ് തിരിച്ചെടുത്തത്. 

മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാൾ ധനേഷ്‌ കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന് രണ്ട് ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിൻവലിച്ചു. 

പിന്നാലെയാണ് ധനേഷിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തു വന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നായിരുന്നു വനം വകുപ്പ് വിശദീകരിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നായിരുന്നു വനം മന്ത്രിയുടെ പ്രതികരണം. 

വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ വനം വിജിലൻസ് ചീഫ് നിർദേശം നൽകിയതിനിടെയാണ് ധനേഷ് കുമാറിനെ മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com