രണ്ട് ഡ്രോണുകൾ, വളഞ്ഞ് പൊലീസും നാട്ടുകാരും, മാർട്ടിൻ ജോസഫിനെ കുടുക്കാൻ വമ്പൻ ഓപ്പറേഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 08:37 AM  |  

Last Updated: 11th June 2021 08:37 AM  |   A+A-   |  

martin varghese arrest

ഫയല്‍ ചിത്രം

 

തൃശൂർ; ഫ്ളാറ്റിൽ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ മാർട്ടിൻ ജോസഫിലെ പിടികൂടിയത് പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ വമ്പൻ ഓപ്പറേഷനിലൂടെ. 250 ഓളം നാട്ടുകാരും പൊലീസും രണ്ട് ഡ്രോളുകളും ഒന്നിച്ചുള്ള തിരച്ചിലിനൊടുവിലാണ് മാർട്ടിൻ ജോസഫ് പിടിയിലാവുന്നത്. ചേമഞ്ചിറയിൽ നിന്ന് ഇന്നലെ വൈകിട്ടോടെ മാർട്ടിനെ കണ്ടെത്തിയെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പൊലീസും നാട്ടുകാരും വളഞ്ഞ് മാർട്ടിനെ പിടികൂടുകയായിരുന്നു. 

കൊച്ചി സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ നിസാറും സംഘവും 3 ദിവസമായി തൃശൂരിൽ ക്യാംപ് ചെയ്താണ് അന്വേഷണം നടത്തിയത്. തൃശൂർ കമ്മിഷണർ ആർ. ആദിത്യയുടെ നിർദേശപ്രകാരം തൃശൂർ സിറ്റി നിഴൽ പൊലീസ് സംഘവും മാർട്ടിനെ പിടികൂടാൻ രം​ഗത്തെത്തി. ചേമഞ്ചിറയിൽ മാർട്ടിനെ കണ്ടെത്തിയതോടെ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ അനന്ത് ലാലിന്റെ നേതൃത്വത്തിൽ പൊലീസ് ഇവിടം വളഞ്ഞെങ്കിലും സമീപത്തെ പാടത്തിനു നടുവിലൂടെ മാർട്ടിൻ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതോടെ ഒരു പൊലീസുകാരനും നാലു നാട്ടുകാരും അടങ്ങുന്ന സംഘം പല പ്രദേശങ്ങളായി തിരിച്ചിൽ തുടർന്നു. ഈ സമയത്ത് മാർട്ടിനെ തേടി ആകാശത്ത് രണ്ട് ഡ്രോണുകളുമുണ്ടായിരുന്നു. 

ചെളിയും കാടും അരയ്ക്കൊപ്പം വെള്ളമുള്ള തോടുമൊക്കെ പൊലീസും നാട്ടുകാരും നീന്തിക്കയറി തിരഞ്ഞതോടെ മാർട്ടിൻ സമീപത്തെ അയ്യംകുന്ന് ഇൻഡസ്ട്രിയൽ ഏരിയയ്ക്കു സമീപത്തെ വീടിനു പിന്നിലൊളിച്ചു. പൊലീസ് സംഘങ്ങൾ ഇവിടേക്ക് എത്തിയപ്പോൾ മാർട്ടിൻ വീണ്ടുമോടി. 75 മീറ്റർ പിന്നിലായി പൊലീസും. ഒരു ഫ്ലാറ്റിനു മുകളിൽ കയറിയ മാർട്ടിൻ പൊലീസ് വളഞ്ഞതോടെ ചെറുത്ത‍ുനിൽപ്പിനു ശ്രമിക്കാതെ കീഴടങ്ങി.  ചേമഞ്ചിറയിൽ 2 ദിവസമായി ഭക്ഷണമില്ലാതെയാണ് മാർട്ടിൻ കഴിഞ്ഞത്. ഭക്ഷണവും പണവും എത്തിച്ചു നൽകിയ 3 പേരെ പൊലീസ് പിടികൂടിയതോടെയാണ് പട്ടിണിയിലായത്. പ്രദേശവാസികളായ മറ്റു 2 യുവാക്കളും മാർട്ടിനു സഹായമെത്തിച്ചതായി സംശയമുണ്ട്. ഇവർ ഒളിവിലാണ്.

മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ രാത്രിയാണ് തൃശ്ശൂർ അയ്യൻകുന്നിലെ ഒളിത്താവളത്തിൽ നിന്ന് പിടികൂടിയത്. രാത്രിയോടെ കൊച്ചിയിലെത്തിച്ച മാർട്ടിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്. കൊച്ചിയിലെ മറ്റൊരു യുവതികൂടി മാർട്ടിനെതിരെ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് 22 ദിവസം ഫ്ലാറ്റിൽ പൂട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് കാട്ടി പരാതി നൽകിയത്. മാർട്ടിന്‍റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കണ്ണൂർ സ്വദേശിനിയായ യുവതിക്ക് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയിൽ കുടുങ്ങിയപ്പോഴാണ് മാർട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.  മാർട്ടിന്‍റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ മാർച്ചിലാണ് യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാർട്ടിനുമൊത്ത് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ടോടി പൊലീസിൽ പരാതി നൽകുന്നത്.