കോണിപ്പടിക്കരികില്‍ ചോരയില്‍ കുളിച്ച് കേശവന്‍, വെട്ടേറ്റ് പത്മാവതിയും ; നടുക്കം വിട്ടുമാറാതെ നാട്ടുകാര്‍ ; അന്വേഷണത്തിന് പ്രത്യേക സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2021 01:19 PM  |  

Last Updated: 11th June 2021 01:19 PM  |   A+A-   |  

kesavan

മരിച്ച പത്മാവതിയും കേശവനും / ടെലിവിഷൻ ചിത്രം

 

കല്‍പ്പറ്റ : വയനാട് പനമരം നെല്ലിയമ്പത്ത് മുഖംമൂടി സംഘത്തിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ മരിച്ചത് കവര്‍ച്ച ശ്രമത്തിനിടെയെന്ന് നിഗമനം. വീടിന്റെ മുകളില്‍ ഒളിച്ചിരുന്ന മുഖം മൂടി ധരിച്ച രണ്ടുപേരാണ് ദമ്പതികളെ ആക്രമിച്ചതെന്ന് പൊലീസ് സൂചിപ്പിച്ചു. കേസന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്. 

ആക്രമണത്തില്‍ പരിക്കേറ്റ കാവടം പത്മാലയത്തില്‍ പത്മാവതി ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഭര്‍ത്താവ് കേശവന്‍ ഇന്നലെ രാത്രി മരിച്ചിരുന്നു. കാപ്പിത്തോട്ടത്തിന് നടുവിലെ ഒറ്റപ്പെട്ട വീട്ടില്‍ രാത്രി എട്ടരയോടെയാണ് ആക്രമണമുണ്ടായത്. രാത്രി വലിയ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. 

വീട്ടിലെ ഹാളിനുള്ളില്‍ കോണിപ്പടിയോട് ചേര്‍ന്ന് ചോരയില്‍ കുളിച്ച് കിടക്കുന്ന കേശവനെയാണ് ഇവര്‍ കണ്ടത്. വയറിനും തലയ്ക്കും കുത്തേറ്റിരുന്നു. വീടിന്റെ മുകള്‍ നിലയില്‍ വെച്ചാണ് കേശവന് കുത്തേറ്റത്. ഇതു കണ്ടു നിലവിളിച്ചുകൊണ്ട് പത്മാവതി താഴേക്ക് ഓടി. 

താഴെ വച്ചാണ് പത്മാവതിയെ അക്രമികള്‍ വെട്ടിയത്. പത്മാവതിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയതോടെ അക്രമിസംഘം ഇറങ്ങി ഓടുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മുഖംമൂടിയിട്ട രണ്ട് പേരാണ് തങ്ങളെ വെട്ടിയതെന്ന് പത്മാവതി പറഞ്ഞത്. 

അതേസമയം മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്ന പൊലീസ് നിഗമനം കേശവന്റെ ബന്ധുക്കള്‍ തള്ളി. എട്ട് മണി സമയത്താണ് ആക്രമണം നടന്നതെന്നും, കൊലപാതകത്തിന് മറ്റെന്തെങ്കിലുമായിരിക്കും കാരണം എന്നുമാണ് ബന്ധുക്കളുടെ വാദം. 

പ്രതികള്‍ക്കായി പനമരം പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. എസ്പിയുടെ നേതൃത്വത്തില്‍  ഫൊറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.