ക്ലബ്ഹൗസ് ചര്‍ച്ച റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിച്ചു; പരാതി, കേസ്

ക്ലബ്ഹൗസ് ചര്‍ച്ച റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായി പ്രചരിപ്പിച്ചു; പരാതി, കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കല്‍പ്പറ്റ: സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ നടന്ന ചര്‍ച്ചയുടെ ഓഡിയോ റെക്കോര്‍ഡ് ചെയ്ത് അപകീര്‍ത്തികരമായ വിധത്തില്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. കേള്‍വിക്കാരായി റൂമില്‍ കയറിയവരുടേത് ഉള്‍പ്പെടെ സ്‌ക്രീന്‍ ഷോട്ട് പ്രദര്‍ശിപ്പിച്ച് ഓഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്നാണ് വയനാട് സ്വദേശിനിയുടെ പരാതിയില്‍ പറയുന്നത്. ലൈംഗികതയെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുവെന്ന് അപകീര്‍ത്തികരമായ പ്രചാരണം നടത്തിയെന്നാണ് പരാതി.

ലൈവ് ഓഡിയോ റൂമുകളിലെ ചര്‍ച്ചകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും പലപ്പോഴും അതു പാലിക്കപ്പെടുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു.

പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന മുന്നറിയിപ്പ്:

സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും
സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ   നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോര്‍ക്കുക.  തരംഗമാകുന്ന പുത്തന്‍ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങള്‍ക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. 
ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെന്‍ഡ്.  ഓരോ റൂമിലും സംസാരിക്കുന്ന 'സ്പീക്കര്‍'മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ചട്ടമെങ്കിലും ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പില്ല ഓഡിയോ റൂമുകളിലെ ഇടപെടലും പങ്കാളിത്തവും സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ മറ്റൊരാള്‍ക്ക് റെക്കോര്‍ഡ് ചെയ്ത് മറ്റ് സോഷ്യല്‍ മീഡിയകളില്‍  പോസ്റ്റ് ചെയ്യാനും കഴിയും. 

സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റൂമുകളില്‍ ആരൊക്കെ പങ്കെടുക്കുന്നുവോ അവരുടെ  മുഴുവന്‍ പ്രൊഫൈല്‍ ചിത്രങ്ങളും റെക്കോര്‍ഡ് ചെയ്യുന്ന  വിഡിയോയില്‍ പതിയുന്നു.  ഇവ പിന്നീട്  യൂട്യൂബ് വഴിയും വാട്‌സാപ്പ് വഴിയും  വ്യാപകമായി പ്രചരിക്കുന്നു.  സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം റൂമിലെ പങ്കാളുകളുടെ ടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണുന്നത് കൊണ്ടുള്ള ദോഷങ്ങളെ കുറിച്ച് കൂടുതല്‍ പറയേണ്ട ആവശ്യമില്ല.  റെക്കോര്‍ഡ് ചെയ്യുന്നില്ല എന്ന വിശ്വാസത്തില്‍ സ്വകാര്യ റൂമുകളില്‍ 'സെന്‍സറിംഗ്' ഇല്ലാതെ പറയുന്ന വിവരങ്ങള്‍ മണിക്കൂറുകള്‍ക്കകം തന്നെ വൈറല്‍ ആകുന്നു. 
ഓഡിയോ റൂമുകളുടെ മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ഒരാള്‍ ഒരു റൂമില്‍ കയറിയാല്‍ ആ വിവരം അവരെ പിന്തുടരുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ ആയി ലഭിക്കുമെന്നതാണ്.   പ്രസ്തുത വ്യക്തി ഒരു പ്രത്യേക റൂമിലുണ്ടെന്ന് അവരെ പിന്തുടരുന്നവര്‍ക്ക് ഫീഡ്  നോക്കിയാലും മനസ്സിലാകും. ഇവ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കാനും ഇടയുണ്ട്.  
അതിനാല്‍ ശ്രദ്ധിക്കുക, സൂക്ഷിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com