'സജിതയെ താമസിപ്പിച്ചത് മറ്റെവിടെയോ'; റഹ്മാന്റെ വാദങ്ങൾ തള്ളി മാതാപിതാക്കൾ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 08:41 AM  |  

Last Updated: 12th June 2021 08:41 AM  |   A+A-   |  

Girl_hidden_by_

റഹ്മാൻ, സജിത

 

പാലക്കാട്: യുവതിയെ പത്തുവർഷം മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി റഹ്മാന്റെ മാതാപിതാക്കൾ. സജിത രാത്രികളിൽ പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനലിൻറെ അഴികൾ മൂന്നു മാസം മുൻപ് ആണ് മുറിച്ചുമാറ്റിയതെന്ന് റഹ്മാൻറെ പിതാവ് മുഹമ്മദ് കരീമും മാതാവ് ആത്തികയും പറഞ്ഞു.

റഹ്മാൻ താമസിച്ചിരുന്നത് പാതി ചുമരുള്ള മുറിയിലാണ്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ ഞങ്ങൾക്ക് അറിയാൻ സാധിക്കുമായിരുന്നു. റഹ്മാന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മൂന്നു വർഷം മുൻപ് വീടിൻറെ മേൽക്കൂര പൊളിച്ചു പണിതു. ആ സമയം റഹ്മാൻറെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്.

ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു. ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാൻ പറഞ്ഞത്. വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാൻറെ മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, ഇവിടെ തന്നെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്ന വാ​ദത്തിൽ റഹ്മാനും സജിതയും ഉറച്ചു നിൽക്കുകയാണ്.

അയിലൂർ സ്വദേശി റഹ്മാനാണ് കാമുകിയെ സ്വന്തം മുറിക്കുള്ളിച്ചിൽ ഒളിപ്പിച്ച് താമസിപ്പിച്ചത്.10 വർഷം മുൻപ് മകളെ കാണാതായെന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് മകൾ ജീവിച്ചിരിപ്പുണ്ടെന്ന് മാതാപിതാക്കൾ അറിഞ്ഞത്. തുടർന്നാണ് കൂടിക്കാഴ്ച. മൂന്നുമാസം മുൻപാണ് സജിതയും റഹ്മാനും ഇവിടേക്ക് താമസം മാറിയത്. ഇതിനു പിന്നാലെ മാതാപിതാക്കൾ തന്നെ ഫോണിൽ വിളിച്ചിരുന്നതായും സജിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. തുടർന്ന് റഹ്മാൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് 10 വർഷം മുമ്പ് കാണാതായ സജിത എന്ന യുവതിയെയായിരുന്നു.തങ്ങൾ പ്രണയത്തിലാണെന്നും 10 വർഷം യുവതിയെ സ്വന്തം വീട്ടിൽ ആരുമറിയാതെ താമസിപ്പിച്ചെന്നും റഹ്മാൻ വെളിപ്പെടുത്തിയപ്പോൾ പൊലീസിന് പോലും ആദ്യം വിശ്വസിക്കാനായില്ല. എന്നാൽ, ഇവരുടെ മൊഴികളനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞതൊന്നും അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

റഹ്മാനും സജിതയുമായുള്ള ബന്ധം തുടങ്ങുന്നത് 2010 ഫെബ്രുവരി രണ്ടിനാണ്. റഹ്മാന്റെ സഹോദരിയുടെ കൂട്ടുകാരിയാണ് സജിത. സഹോദരിയെ കാണാനും സംസാരിക്കാനുമായി സജിത വീട്ടിലെത്തുന്നത് പതിവായിരുന്നു. ഈ സൗഹൃദം വളർന്ന് പ്രണയമായപ്പോഴാണ് റഹ്മാനൊപ്പം ജീവിക്കാൻ 18 വയസ്സുകാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്ത് കഴിയുകയായിരുന്നു റഹ്മാൻ. തനിക്കൊപ്പം ഇറങ്ങിത്തിരിച്ച സജിതയെ റഹ്മാൻ ആരുമറിയാതെ സ്വന്തം വീട്ടിലെത്തിച്ചു. കഷ്ടിച്ച് രണ്ടാൾക്ക് മാത്രം കിടക്കാൻ കഴിയുന്ന ചെറുമുറിയിൽ വീട്ടുകാർ പോലും അറിയാതെ ഇരുവരും ജീവിതം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.