രാജ്യദ്രോഹക്കുറ്റം; ഐഷ സുല്‍ത്താനയ്ക്ക് നിയമ സഹായം നല്‍കും; പിന്തുണയുമായി സിപിഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2021 07:40 PM  |  

Last Updated: 12th June 2021 07:40 PM  |   A+A-   |  

aisha sulthana

ഐഷ സുല്‍ത്താന / ട്വിറ്റര്‍ ചിത്രം


കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് എതിരായ പരാമര്‍ശത്തെ തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി സിപിഐ. ആവശ്യമെങ്കില്‍ അവര്‍ക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ചാനല്‍ ചര്‍ച്ചയ്ക്കിടെ 'ജൈവായുധം' എന്ന് വിശേഷിപ്പിച്ചതിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിജെപി ലക്ഷദ്വീപ് പ്രസിഡന്റിന്റെ പരാതിയില്‍ കവരത്തി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കുറ്റം ചുമത്തപ്പെടുന്ന ലക്ഷദ്വീപ് പൗരന്‍മാര്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനായി 15 അംഗ അഭിഭാഷക പാനലും സിപിഐ രൂപീകരിച്ചിട്ടുണ്ട്. ഐയിഷ സുല്‍ത്താനയെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ തയ്യാറാണെങ്കില്‍ കേസ് ഏറ്റെടുക്കാമെന്നും പി രാജു വ്യക്തമാക്കി.

അതിനിടെ, നടപടിയില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി നടന്നു. മുതിര്‍ന്ന നേതാക്കളടക്കം 12 പേരാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. 

ലക്ഷദ്വീപ് ബിജെപി പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലായിരുന്നു നടപടി. 124 എ ,153 ബി എന്നീ ദേശവിരുദ്ധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.