'പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേട്', നെന്മാറ സംഭവത്തിൽ വനിതാ കമ്മീഷൻ

ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്
റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം
റഹ്മാനും സാജിതയും ടെലിവിഷന്‍ ചിത്രം

പാലക്കാട്; നെന്മാറയിൽ സ്ത്രീയെ പത്ത് വർഷം ഒരു മുറിക്കുള്ളിൽ അടച്ചിട്ടത് സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന, കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കേരള വനിതാ കമ്മിഷന്‍. ഭർത്താവ് റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും വിലയിരുത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉടന്‍തന്നെ കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും.

സാജിത എന്ന യുവതി അയല്‍വാസിയായ റഹ്മാന്‍ എന്ന യുവാവിനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരും അറിയാതെയും ഇതിനുള്ളില്‍ കഴിഞ്ഞുവെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണ്. ആര്‍ത്തവകാലമുള്‍പ്പെടെ സ്ത്രീകളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനാകാതെ കഴിയാന്‍ നിര്‍ബന്ധിതയായിയെന്നത് അവരെ താമസിപ്പിച്ച റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തില്‍ മനുഷ്യാവകാശ ലംഘനമാണ്. വാതിലില്‍ വൈദ്യുതി കടത്തിവിട്ട് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിലൂടെ പുരുഷന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റാന്‍ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് ഈ സംഭവമെന്ന് കമ്മിഷന്‍ വിലയിരുത്തി. 

അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുമുണ്ട്. സംഭവത്തിൽ റിപ്പോ‌ർട്ട് നൽകാൻ കമ്മീഷൻ നെന്മാറ സിഐയോട് ആവശ്യപ്പെട്ടു. യുവതിക്ക് കൗൺസിലിം​ഗ് നൽകാനും നി‌ർദ്ദേശമുണ്ട്. നെന്മാറ അയിലൂരിലാണ് കാമുകിയായ സാജിതയെ റഹ്മാൻ സ്വന്തം വീട്ടിൽ പത്തുവർഷത്തോളം ആരുമറിയാതെ താമസിപ്പിച്ചത്. കുടുംബത്തോടൊപ്പം താമസിക്കുന്ന റഹ്മാൻ മറ്റാരും അറിയാതെയാണ് സാജിതയെ മുറിയിൽ ഒളിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com