കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി; മരക്കഷണം കൊണ്ടുള്ള അടിയില്‍ തോളെല്ല് പൊട്ടി; അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 04:51 PM  |  

Last Updated: 13th June 2021 04:51 PM  |   A+A-   |  

khj

കേളകം പൊലീസ് സ്റ്റേഷന്‍

 

കണ്ണൂര്‍: കേളകത്ത് ഒരുവയസുകാരിയ്ക്ക് രണ്ടാനച്ഛനില്‍ നിന്ന് ഏറ്റത് ക്രൂരപീഡനമാണെന്ന് അമ്മൂമ്മയുടെ വെളിപ്പെടുത്തല്‍. കുട്ടിയെ നിലത്താണ് കിടത്തിയിരുതെന്നും തടിക്കഷണം കൊണ്ടുള്ള അടിയില്‍ കുട്ടിയുടെ തോളെല്ല് പൊട്ടിയതായും അമ്മൂമ്മ പറഞ്ഞു.

ഇവിടെ നിര്‍ത്തിയാല്‍ കുഞ്ഞിനെ കൊല്ലുമെന്ന് പറഞ്ഞതായും വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് പറഞ്ഞ മകള്‍ വിളിച്ചിരുന്നതായും രമ്യയുടെ അമ്മ പറയുന്നു. വൈകീട്ട്് കുഞ്ഞിന് വയ്യെന്ന് പറഞ്ഞാണ് മകള്‍ വിളിച്ചത്. ചോദിച്ചപ്പോള്‍ രതീഷ് കുഞ്ഞിനെ മര്‍ദ്ദിച്ചതായും പറഞ്ഞു. തുടര്‍ന്ന് ഞങ്ങള്‍ വീട്ടിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍  രതീഷ് ഒന്നു പറഞ്ഞില്ല. എല്ലാ രമ്യയോട് ചോദിച്ചാല്‍ മതിയെന്ന് പറഞ്ഞു. അവിടെനിന്ന് പരിക്കേറ്റ കുഞ്ഞിനെയുമായി ഞങ്ങള്‍ ആശുപത്രിയിലേക്ക് പോന്നു. കുഞ്ഞ് വീട്ടിനകത്ത് മൂത്രമൊഴിക്കുമെന്ന് നിരന്തരം പരാതി പറയുമായിരുന്നു. പാലുകൊടുക്കാനും കുട്ടിയെ എടുക്കാനും അവന്‍ മകളെ രതീഷ് അനുവദിക്കുമായിരുന്നില്ലെന്നും രമ്യയുടെ അമ്മ പറഞ്ഞു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ടാനച്ഛനെയും അമ്മയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൊകാട്ടിയൂര്‍ പാലുകാച്ചിയിലെ പുത്തന്‍ വീട്ടില്‍ രതീഷ് (39), ചെങ്ങോം വിട്ടയത്ത് രമ്യ (24) എന്നിവരെയാണ് കേളകം പൊലീസ് കസ്റ്റഡിയിലെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. മര്‍ദിക്കുന്നത് തടയാതിരുന്നതിനാണ് അമ്മയ്‌ക്കെതിരേ കേസ്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ ഇടപെട്ട് വിശദമായ അന്വേഷണം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രിയാണ് സംഭവം. രമ്യയുടെ ഒരു വയസ്സുള്ള മകള്‍ അഞ്ജനയാണ് രതീഷിന്റെ ക്രൂര മര്‍ദനത്തിന് ഇരയായത്. മുഖത്തും തലയുടെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റ കുഞ്ഞിനെ രമ്യയുടെ മാതാപിതാക്കളാണ് പേരാവൂര്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയില്‍ മര്‍ദനമേറ്റ പരിക്കുകളാണെന്ന് മനസിലായ ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വിശദ പരിശോധനക്ക് കുഞ്ഞിനെ പിന്നീട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍ അറിയിച്ചു.