സംസ്ഥാനത്ത് ഇന്നും സമ്പൂർണ ലോക്ക്ഡൗൺ; ടിപിആർ കുറഞ്ഞതോടെ ബുധനാഴ്ചയ്ക്ക് ശേഷം കൂടുതൽ ഇളവുകൾക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2021 07:49 AM  |  

Last Updated: 13th June 2021 07:49 AM  |   A+A-   |  

Lockdown concessions in Alappuzha

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ തുടരും. ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഓർഡർ മാത്രമാവും അനുവദിക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പതിനാലിലും താഴെയെത്തിയ സാഹചര്യത്തിൽ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ഡൗണിൽ വലിയ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ശനിയാഴ്ച ടിപിആർ 12 ല്‍ എത്തിയിരുന്നു.

ലോക്ക്ഡൗൺ ചട്ടലംഘനത്തിനങ്ങളുടെ പേരിൽ സംസ്ഥാനത്ത് ഇന്നലെ മാത്രം 2000 പേർ അറസ്റ്റിലായി. 5000 പേർക്കെതിരെ കേസെടുത്തു. 3500 വാഹനങ്ങൾ പിടിച്ചെടുത്തു. സമ്പൂർണ ലോക്ക്ഡൗണിലും സാമൂഹിക അകലം പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ തടസമില്ല. എന്നാൽ ഇക്കാര്യം പൊലീസ് സ്റ്റേഷനിൽ മുൻകൂട്ടി അറിയിക്കണം. 

പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് ഇന്ന് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറക്കാം. നിലവിൽ ജൂൺ 16 വരെയാണ് കേരളത്തിൽ ലോക് ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റിലും പുതിയ കോവിഡ് കേസുകളിലും കുറവുണ്ട്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാൽ ലോക്ക് ഡൗൺ പിൻവലിക്കാം എന്നാണ് ആരോ​ഗ്യവിദ​ഗ്ദ്ധരുടെ നിലപാട്.