കൊല്ലത്ത് യുവാവിനെ കുത്തിക്കൊന്നു; അച്ഛനും മകനും പിടിയിൽ

By സമകാലിക മലയാളം ഡെസ്ക്  |   Published: 13th June 2021 08:54 PM  |  

Last Updated: 13th June 2021 08:54 PM  |   A+A-   |  

MURDER CASE

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലം ജില്ലയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളിക്കാവ് ജവാൻമുക്കിലാണ് സംഭവം. മരുത്തടി കന്നിമേൽചേരി ഓംചേലിൽ കിഴക്കതിൽ ഉണ്ണിയുടെ മകൻ വിഷ്ണുവാണ് (29) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കാവ് സ്വദേശി പ്രകാശ്, ഇയാളുടെ മകൻ രാജ പാണ്ഡ്യൻ എന്നിവർ  പിടിയിലായി. 

പ്രകാശാണ് വിഷ്ണുവിനെ കുത്തിയത്. കാവനാട് മാർക്കറ്റിലെ ഇറച്ചി വെട്ടുകാരനാണ് പ്രകാശ്. രാവിലെ വിഷ്ണുവും പ്രകാശും തമ്മിൽ കരിമ്പോലിൽ കുളത്തിന് സമീപം വാക്കു തർക്കവും പിന്നീട് സോഡാക്കുപ്പി കൊണ്ട് അടിപിടിയും നടന്നതായി പറയുന്നു. ഇതിനു ശേഷം പ്രകാശ് വീട്ടിലേക്ക് പോയി. ഉച്ചയോടെ പ്രകാശ് ഇറച്ചി വെട്ടാൻ ഉപയോഗിക്കുന്ന കത്തിയുമായി മകൻ രാജപാണ്ഡ്യനൊപ്പം ബൈക്കിലെത്തി ജവാൻമുക്കിന് സമീപം നിന്ന വിഷ്ണുവിനെ കുത്തുകയായിരുന്നു. നെഞ്ചത്താണ് കുത്തേറ്റത്.  

ആക്രമണത്തിനു ശേഷം പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഉടൻ തന്നെ സംഭവവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ചോരവാർന്ന് റോഡിൽ കിടന്ന വിഷ്ണുവിനെ ശക്തികുളങ്ങര പൊലീസ് എത്തി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴിമധ്യേ മരിച്ചു. സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശം അനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണർ ടിബി വിജയന്റെ നേതൃത്വത്തിൽ നടത്തിയ സംയുക്ത പരിശോധനയിൽ രണ്ട് മണിക്കൂറിനുള്ളിൽ പ്രതികൾ അറസ്റ്റിലായി.  

റോഡുകളിൽ പൊലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതോടെ കാൽനടയായി അഷ്ടമുടിക്കായലിലെ കടവിലെത്തി അവിടെ നിന്ന് കുരീപ്പുഴയ്ക്ക് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. എന്നാൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇവരുടെ ടവർ ലൊക്കേഷൻ ലഭ്യമാവുകയും തുടർന്ന് കുരീപ്പുഴയിലെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.