വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിടും; ഇന്ധനവില വര്‍ധനവിന് എതിരെ സമരം പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയന്‍

ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധവുമായി സംയുക്ത ട്രേഡ് യൂണിയന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: ഇന്ധന വില വര്‍ധനവിന് എതിരെ പ്രതിഷേധവുമായി സംയുക്ത ട്രേഡ് യൂണിയന്‍. ജൂണ്‍ 21ന് പകല്‍ 11മണിക്ക് 15 മിനിട്ട് വാഹനങ്ങള്‍ എവിടെയാണോ ഉള്ളത്, അവിടെ നിര്‍ത്തിയിട്ട് പ്രതിഷേധിക്കാനാണ് ആഹ്വാനം. 'പെട്രോളിയം വില വര്‍ധന കൊള്ളക്കെതിരെ ജൂണ്‍ 21ന് പകല്‍ 15 മിനിട്ട്  സംസ്ഥാനത്തെ മുഴുവന്‍ വാഹനങ്ങളും നിര്‍ത്തിയിടും. എല്ലാ സ്വകാര്യ വാഹനങ്ങളും ഈ പ്രക്ഷോഭത്തില്‍ അണിചേരണം എന്ന്  സംയുക്ത സമിതി അഭ്യര്‍ത്ഥിച്ചു. 

'പെട്രോള്‍ - ഡീസല്‍ വില ദിവസംതോറും വര്‍ധിക്കുകയാണ്. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 72. 26 രൂപയും, ഡീസലിന് 55.48  രൂപയുമായിരുന്നു വില. അന്ന് ക്രൂഡോയിലിന് ബാരലിന് 105.56 ഡോളറായിരുന്നു വില. 2021 ജൂണ്‍ 1ന് ക്രൂഡ് ഓയില്‍ വില ബാരലിന് 70.45 ഡോളറായി കുറഞ്ഞിട്ടും പെട്രോളിന് ലിറ്ററിന് 98 രൂപയും, ഡീസല്‍ ലിറ്ററിന് 88 രൂപയായും ഉയര്‍ന്നു. പാചകവാതകത്തിന്റെയും  മണ്ണെണ്ണയുടെയും വിലയും കുത്തനെ ഉയരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ജനജീവിതം ദുസ്സഹമായി മാറി'.- സംയുക്ത സമിതി ആരോപിച്ചു. 

'2014 ല്‍  മോഡി നല്‍കിയ വാഗ്ദാനം, ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോള്‍ 50 രൂപയ്ക്കും  ഡീസല്‍ 40 രൂപയ്ക്കും നല്‍കുമെന്നായിരുന്നു.
കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുന്ന സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്ന നയമാണ് സ്വീകരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് തൊഴിലും വരുമാനവും  നഷ്ടപ്പെട്ട ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പകല്‍കൊള്ള. ഈ കടുത്ത ജനദ്രോഹ നയത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരം വമ്പിച്ച വിജയമാക്കാന്‍ എല്ലാ തൊഴിലാളികളോടും, ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ജൂണ്‍ 21ന് പകല്‍ 11 മണിക്ക് വാഹനങ്ങള്‍ എവിടെയാണോ, അവിടെ നിര്‍ത്തിയിട്ട് ജീവനക്കാര്‍ നിരത്തിലിറങ്ങി നില്‍ക്കും. ആംബുലന്‍സ് വാഹനങ്ങളെ ഈ സമരത്തില്‍ നിന്നും ഒഴിവാക്കും'.-സംയുക്ത സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com