മുന്‍ഗണന കാര്‍ഡുകളുടെ പരിധിയില്‍ കൂടുതല്‍പേരെ ഉള്‍പ്പെടുത്തണം; കേന്ദ്രത്തിന് ഭക്ഷ്യമന്ത്രിയുടെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2021 04:23 PM  |  

Last Updated: 14th June 2021 04:23 PM  |   A+A-   |  

gr_anil

ജി ആര്‍ അനില്‍/ ഫെയ്‌സ്ബുക്ക്


തിരുവനന്തപുരം: മുന്‍ഗണന കാര്‍ഡുകളുടെ പരിധിയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ കേന്ദ്രത്തിന് കത്തയച്ചു. മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ എണ്ണം ഒന്നരക്കോടിയായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തിയതിലൂടെ പ്രസ്തുത പട്ടികയില്‍ നിന്നും അര്‍ഹതയുള്ള നിരവധിപ്പേര്‍ പുറത്തായതായും കേന്ദ്ര ഭക്ഷ്യമന്ത്രി ധര്‍മേന്ദ്ര പ്രധാന് അയച്ച കത്തില്‍ ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. 

മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട പിങ്ക് കാര്‍ഡുകാരുടെ ദേശീയ ശരാശരി 75 ശതമാനം (റൂറല്‍) 50സതമാനം (അര്‍ബന്‍) ആയിരിക്കേ കേരളത്തിലെ ശരാശരി കേവലം 52.63ശതമാനം (റൂറല്‍ ) 39.50ശതമാനം( അര്‍ബന്‍) ആണെന്നും ഇതില്‍ വര്‍ധന ആവശ്യമാണെന്നും മന്ത്രിആവശ്യപ്പെട്ടു.കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന നോണ്‍ സബ്‌സിഡി മണ്ണെണ്ണയുടെ അളവ് വര്‍ധിപ്പിക്കുക,അരി വിതരണവുമായി ബന്ധപ്പെട്ട് കേരളത്തിന് ലഭിക്കേണ്ട സബ്‌സിഡിയുടെ 10 ശതമാനം തടഞ്ഞുവച്ചത് പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങളും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. 

സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചുകൊണ്ടിരിക്കുന്ന മണ്ണെണ്ണയുടെ അളവില്‍ വലിയതോതിലുള്ള കുറവ് കഴിഞ്ഞ കാലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയിരുന്നു. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന് അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവില്‍ വര്‍ധന വരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അരിയുടെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന്റെ അന്നവിതരണ്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയ വ്യത്യാസം കാരണം കേരളത്തിന് ലഭിക്കേണ്ട സബ്‌സിഡി തുകയുടെ പത്തു ശതമാനം കേന്ദ്രം കുറവു വരുത്തിയിരുന്നു. പ്രസ്തുത സാങ്കേതിക പ്രശ്‌നം പരിഹരിക്കപ്പെട്ട സാഹചര്യത്തില്‍ കുറവു വരുത്തിയ സബ്‌സിഡി തുക പുനഃസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.