ലോക്ഡൗണ്‍ ഇങ്ങനെ തുടരണോ ?;  ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th June 2021 02:56 PM  |  

Last Updated: 14th June 2021 02:57 PM  |   A+A-   |  

satheesan

വി ഡി സതീശന്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം :  ലോക്ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ലോക്ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണം. 38 ദിവസമായി സംസ്ഥാനം ലോക്ഡൗണിലാണ്. കഴിഞ്ഞ ലോക്ഡൗണ്‍ തെരഞ്ഞെടുപ്പിന് മുമ്പായതുകൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നതായി വി ഡി സതീശന്‍ പറഞ്ഞു.

മോറട്ടോറിയം, നികുതി ഇളവുകള്‍ നല്‍കിയിരുന്നു. വാഹന നികുതി അടയ്ക്കുന്നവര്‍ക്ക് രണ്ടുമാസത്തെ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നുമില്ല. യുഡിഎഫ് നിയമസഭയില്‍ ഉന്നയിച്ചതിന് ശേഷം ആഗസ്റ്റ് 31 വരെ നികുതി അടയ്ക്കുന്നതിന് കാലതാമസം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 38 ദിവസമായി ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ആളുകള്‍ വലിയ പ്രതിസന്ധിയിലാണ്. ഒരുപാട് പരാതികളാണ് ലഭിക്കുന്നത്. 

അതേസമയം കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. യുഡിഎഫ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് നിരുപാധിക പിന്തുണയാണ് നല്‍കി വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.