മരംമുറി വിവാദം: ഒരുവിട്ടുവീഴ്ചയുമില്ല; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി 

പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം
മുഖ്യമന്ത്രി പിണറായി വിജയന്‍/ഫയല്‍ ചിത്രം


തിരുവനന്തപുരം: പട്ടയഭൂമിയിലെ മരംമുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കൃഷിക്കാരെ സഹായിക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പക്ഷെ ഇപ്പോള്‍ ഉണ്ടായ അനുഭവത്തില്‍, ചില കൂട്ടര്‍ അതിനെ തെറ്റായി ഉപയോഗിക്കുന്ന നിലയുണ്ടായി. ചിലര്‍ അതിന്റെ ഭാഗമായി മരം വല്ലാതെ മുറിച്ചുമാറ്റുന്ന നില വന്നു. ആ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. വിഷയത്തില്‍ ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കുകയെന്നതു മാത്രമേ ഫലമുള്ളൂ. കര്‍ക്കശമായ നടപടികളിലേക്ക് നീങ്ങും. അതേസമയം കൃഷിക്കാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ ആലോചിച്ച് ചെയ്യുമെന്നും അദ്ദേഹം വാര്‍്ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

2017-ല്‍ മരംമുറിക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങള്‍ നടന്നിരുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളും അതില്‍ പങ്കെടുക്കുകയും ചെയ്തു. പട്ടയഭൂമിയില്‍ നട്ടുവളര്‍ത്തിയതും തനിയെ വളര്‍ന്നതുമായ മരങ്ങളുണ്ട്. പട്ടയം ലഭിച്ച ശേഷം വളര്‍ന്ന മരങ്ങളാണിത്. ആ മരം മുറിക്കാന്‍ കൃഷിക്കാര്‍ക്ക് അവകാശം വേണമെന്നായിരുന്നു ആവശ്യം. അത് ന്യായമാണെന്ന് സര്‍ക്കാരും വിലയിരുത്തി. 

രാജഗണത്തില്‍പ്പെടുത്തിയിട്ടുള്ള തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങളുടെ കാര്യത്തില്‍ ആവശ്യമായ അനുമതി വാങ്ങണമെന്നും നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് ആ ഘട്ടത്തിലുള്ള ഉത്തരവ് വരുന്നത്. പക്ഷെ ആ ഉത്തരവ് നടപ്പാക്കുന്നതില്‍ ചില വീഴ്ചകളും പ്രയാസങ്ങളും ഉണ്ടായെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അതുമായി ബന്ധപ്പട്ട് വിശദീകരണം നല്‍കുന്നതിന് തയ്യാറായത്. വിശദീകരണം നല്‍കിയപ്പോള്‍ ആ വിശദീകരണത്തില്‍ ചില പോരായ്മകളുണ്ടായി. അത് നിയമവകുപ്പ് ചൂണ്ടിക്കാണിച്ചു. ആ വിശദീകരണം പിന്‍വലിക്കുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com