കൊല്ലത്ത് ദമ്പതിമാർ ഷോക്കേറ്റ് മരിച്ചു, രക്ഷിക്കാനെത്തിയ അയൽവാസിക്കും ദാരുണാന്ത്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2021 06:35 AM  |  

Last Updated: 15th June 2021 06:35 AM  |   A+A-   |  

death

മരിച്ച ശ്യാംകുമാർ,സന്തോഷ്, ഭാര്യ റംല

 

കൊല്ലം: കൊല്ലം അഞ്ചാലുംമൂടിനടുത്ത് പ്രാക്കുളത്ത് ദമ്പതിമാരുള്‍പ്പെടെ മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു. സന്തോഷ് ഭവനത്തില്‍ റംല(45), ഭര്‍ത്താവ് സന്തോഷ്(48), അയല്‍വാസി ശരത് ഭവനത്തില്‍ ശ്യാംകുമാര്‍(45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. 

ഗോസ്തലക്കാവിന് സമീപം വാടകയ്ക്കാണ് സന്തോഷും റംലയും താമസിച്ചിരുന്നത്. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സന്തോഷിനു ഷോക്കേറ്റത്. ഇവരെ രക്ഷിക്കാനായി ഓടിയെത്തിയതാണ് ശ്യാംകുമാർ. കുളി കഴിഞ്ഞ് പുറത്തേക്കിറങ്ങിയപ്പോഴാണ് റംലയ്ക്ക് ഷോക്കേറ്റതെന്ന് കരുതുന്നു. പുറത്തെ കുളിമുറിയിലേക്ക് വൈദ്യുതി കണക്ഷനായി വലിച്ച സർവീസ് വയറിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് നി​ഗമനം. 

നാട്ടുകാർ കരച്ചിൽ കേട്ട് എത്തിയപ്പോഴേക്കും മൂവരും വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് കണ്ടത്. വൈദ്യുതി ബന്ധം വിച്ഛേദിച്ച് മൂവരെയും ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

പൊലീസ് സംഘം വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് സര്‍വീസ് വയറില്‍ നിന്നും വൈദ്യുതാഘാതമേറ്റതാകാമെന്ന നി​ഗമനത്തിൽ എത്തിയത്. ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.