കാനം ഒളിച്ചോടുന്നത് മടിയില്‍ കനമുള്ളതുകൊണ്ട്; മരംമുറി ഉത്തരവിന് പിന്നില്‍ ആരൊക്കെയാണെന്ന് മുഖ്യമന്ത്രി പറയണം: വി മുരളീധരന്‍

വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍
വി മുരളീധരന്‍ / ഫയല്‍ ചിത്രം
വി മുരളീധരന്‍ / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി:വിവാദ മരംമുറി ഉത്തരവിന് പിന്നില്‍ ആരൊക്കെയാണെന്ന് പറയാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മരംകൊള്ളയില്‍ വലിയ മഞ്ഞ് മലയുടെചെറിയ ഒരു ഭാഗം മാത്രമാണ് പുറത്ത് വന്നത്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ ഏക ഉത്തരവാദി റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ആണെങ്കില്‍ എന്തുകൊണ്ടാണ് ആ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്ന് മന്ത്രി ചോദിച്ചു. പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് തുറന്ന് കാണിക്കുമെന്നതിനാലാണ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. 

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വിഷയത്തില്‍ നിന്ന് ഒളിച്ചോടുകയാണ്. മടിയില്‍ കനമുള്ളതിനാലാണ് കാനത്തിന്റെ ഒളിച്ചോട്ടം. പരിസ്ഥിതി സ്‌നേഹികളാണെന്ന് പറയുന്ന ബിനോയ് വിശ്വവും മന്ത്രി പി പ്രസാദുമടക്കമുള്ള നേതാക്കളും മിണ്ടുന്നില്ല.ഉത്തരവിന് പിന്നില്‍ ഇവരുടെ മുകളിലുളള ചിലര്‍ക്ക് പങ്കുണ്ടെന്ന് ഈ നേതാക്കള്‍ക്ക് അറിയാം. സിപിഐ നേതാക്കളുടെ മൗനം ഉത്തരവിന് പിന്നിലുള്ള രാഷ്ട്രീയ ഗൂഡാലോചന വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മരം മുറി നടക്കുമ്പോള്‍ കല്‍പ്പറ്റ എംഎല്‍എ ആയിരുന്ന സി കെ ശശീന്ദ്രനുംപ്രതികരിക്കാന്‍ തയ്യാറാകാത്തത് മുകളിലുള്ള മറ്റുള്ളവര്‍ക്ക് പങ്കുള്ളതിനാലാണ്.

ഗുരുതര നിയമ ലംഘനമാണ് മരംമുറിയുടെ മറവില്‍ നടന്നിട്ടുള്ളത്. കര്‍ഷകരെ സഹായിക്കാനാണ് ഉത്തരവെന്ന് വാദം പൊള്ളയാണ്. സര്‍ക്കാരിന് കര്‍ഷകരോട് സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ പട്ടയ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം മാറ്റുകയാണ് വേണ്ടത്. ഇക്കാര്യത്തിലെ നയത്തില്‍ വ്യക്തത വരുത്താന്‍ ഇനിയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഐഎഎസ് ഉദ്യോഗസ്ഥര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതൃത്വം തുടങ്ങിയവരെല്ലാം സംശയ നിഴലില്‍ നില്‍ക്കുന്ന കേസില്‍ അന്വേഷണത്തിന് എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും മന്ത്രി പറഞ്ഞു. മരം കൊള്ളയിലെ യഥാര്‍ത്ഥ വസ്തുത പുറത്ത് കൊണ്ട് വരാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തോട്ബാധ്യത ഇല്ലാത്ത സ്വതന്ത്ര അന്വേഷണ ഏജന്‍സി അന്വേഷിക്കണം. അത്തരമൊരു അന്വേഷണത്തിന് മുഖ്യമന്ത്രി തയ്യാറാകുമോയെന്ന് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com