ചിരാഗ് പാസ്വാനെ ലോക്ജന്‍ ശക്തി അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കി; പശുപതി കുമാര്‍ പുതിയ പ്രസിഡന്റായേക്കും

സൂരജ് ബാനാണ് താത്കാലിക അധ്യക്ഷന്‍
എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍
എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍

പാറ്റ്‌ന:  ലോക് ജന്‍ശക്തി പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ചിരാഗ് പാസ്വാനെ നീക്കി. അഞ്ച് ലോക്‌സഭാ എംപിമാര്‍ പാസ്വാനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് തീരുമാനം. സൂരജ് ബാനാണ് താത്കാലിക അധ്യക്ഷന്‍

ചിരാഗിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റിബല്‍ എംപി സൂരജ്ബാന്‍ പറഞ്ഞു. ഒരാള്‍ക്ക് ഒരുപദവി എന്ന പാര്‍ട്ടി നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചിരാഗ് പാസ്വാന്റെ ഇളയച്ഛന്‍ പശുപതി കുമാര്‍ പുതിയ പ്രസിഡന്റായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചിരാഗ് പസ്വാന്റെ ലോക് ശക്തി പാര്‍ട്ടിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് ആറ് എംപിമാരില്‍ അഞ്ച് ലോക്‌സഭാ എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് ചാടിയത്. അതിന് പിന്നാലെ പാര്‍ലമെന്റില്‍ തങ്ങളുടെ നേതാവായി പശുപതിയെ തെരഞ്ഞെടുത്തതായി എംപിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് പാര്‍ട്ടി വിട്ട എംപിമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു

പശുപതി കുമാര്‍ ആണ് എല്‍ജെപിയിലെ വിമതനീക്കത്തിന് പിന്നില്‍. പശുപതിക്ക് പുറമേ പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്. വീണ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ എംപിമാരാണ് വിമതനീക്കം നടത്തിയത്. അതേസമയം പാര്‍ട്ടിയെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ളവരാണ് തനിക്കൊപ്പം വന്നതെന്നും പാര്‍ട്ടി സംരക്ഷിക്കപ്പെടുകയാണ് ഇപ്പോഴുണ്ടായതെന്ന് പശുപതി കുമാര്‍ പ്രതികരിച്ചു. 

നിതീഷ് കുമാറുമായി അടുത്തബന്ധമുള്ള പശുപതി കുമാറും ചിരാഗും ഏറെക്കാലമായി ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്റെ പല പ്രവര്‍ത്തനങ്ങളിലും പശുപതി കുമാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പശുപതി കുമാര്‍ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ചിരാഗിനെതിരെ കളത്തിലിറക്കിയതെന്നാണ് സൂചനകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com