കുഴല്‍പ്പണം ബിജെപിയുടേത് തന്നെ; സംസ്ഥാന നേതാക്കള്‍ക്ക് വരെ അറിവ്: പൊലീസ് കോടതിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2021 09:51 PM  |  

Last Updated: 15th June 2021 09:51 PM  |   A+A-   |  

bjp

ബിജെപി പതാക/ ഫയല്‍ ചിത്രം


തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബിജെപിയുടേത് തന്നെയെന്ന് പൊലീസ് കോടതിയില്‍. ഇത് ഹവാല പണമാണെന്നും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതാണെന്നും പൊലീസ് ഇരിങ്ങാലക്കുട കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. കവര്‍ച്ച ചെയ്യപ്പെട്ട പണം തങ്ങളുടേതാണെന്നും വിട്ട് നല്‍കണമെന്നും ആവശ്യപ്പെട്ട് ധര്‍മ്മരാജനും സുനില്‍ നായിക്കും സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കവേയാണ് പൊലീസ് വെളിപ്പെടുത്തല്‍. 

കുഴല്‍പ്പണം കര്‍ണാടകയില്‍ നിന്നാണ് കൊണ്ടുവന്നതെന്നും ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കാര്‍ത്തിക്കിന് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. കമ്മീഷന്‍ അടിസ്ഥാനത്തിലാണ് ധര്‍മ്മരാജനും സുനില്‍ നായിക്കും ഉള്‍പ്പെടെയുള്ളവര്‍ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും ഡിവൈഎസ്പി വി കെ രാജു കോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പണം യാതൊരു കാരണവശാലും ധര്‍മരാജനോ സുനില്‍ നായിക്കിനോ വിട്ട് നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് പൊലീസ് കോടതിയില്‍ സ്വീകരിച്ചത്.

കേസില്‍ അന്വേഷണം തുടരുകയാണ്. കൂടുതല്‍ പണം കണ്ടെടുക്കാനുണ്ട്. പണമെത്തുന്നത് സംബന്ധിച്ച് സംസ്ഥാന നേതാക്കള്‍ക്ക് വരെ അറിയാമായിരുന്നെന്ന മൊഴികളും സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചിട്ടുണ്ട്. പണം ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്ന ധര്‍മരാജന്റെ ഹര്‍ജി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെട്ടുകഥയാണെന്നുമാണ് അന്വേഷണസംഘം റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിസിനസ് ആവശ്യത്തിന് കൊണ്ടുവന്ന പണമാണെന്നും അന്വേഷണ സംഘം പിടിച്ചെടുത്ത പണവും കാറും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍മരാജന്‍ കോടതിയെ സമീപിച്ചത്.