മഞ്ചേശ്വരം കോഴക്കേസ്; കെ സുന്ദരയുടെ രഹസ്യമൊഴി ഇന്നെടുക്കും, സുരേന്ദ്രന് കുരുക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 08:12 AM  |  

Last Updated: 16th June 2021 08:12 AM  |   A+A-   |  

sundara and surendran

കെ സുന്ദര, കെ സുരേന്ദ്രന്‍ / ഫയല്‍ ചിത്രം

 

കാസർകോട്; മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കോഴക്കേസിൽ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദരയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ അപേക്ഷ നൽകി. സുന്ദരയെ സ്വാധീനിച്ച് മൊഴി മാറ്റാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘത്തിന്റെ പുതിയ നീക്കം. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് കുരുക്കു മുറുകും. 

കേസ് കൈകാര്യം ചെയ്യുന്ന മജിസ്‌ട്രേട്ട്, രഹസ്യമൊഴി എടുക്കുന്ന കീഴ്വഴക്കം ഇല്ലാത്തതിനാൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടാകും സുന്ദരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. നിലവിൽ കെ സുരേന്ദ്രനെ മാത്രം പ്രതിയാക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകൽ എന്ന വകുപ്പ് മാത്രം ചുമത്തിയാണ്‌ കേസ്. സുന്ദര നൽകുന്ന രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്താനും ബിജെപി പ്രാദേശിക നേതാക്കളെ കൂടി പ്രതിചേർത്താനുമാണ് പൊലീസ് നീക്കം.

മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ അപരനായി നിന്ന സുന്ദരയ്ക്ക് പത്രിക പിൻവലിക്കാനായി രണ്ടര ലക്ഷം രൂപ കോഴ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. തന്നെ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപണം ഉന്നയിച്ചതോടെയാണ് കൂടുതൽ വകുപ്പുകൾ സുരേന്ദ്രന് ചുമത്തുക.