അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ് ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2021 04:13 PM  |  

Last Updated: 16th June 2021 04:13 PM  |   A+A-   |  

ramesh chennithala

രമേശ് ചെന്നിത്തല‌/ഫയല്‍

 

തിരുവനന്തപുരം : കോണ്‍ഗ്രസിലെ നേതൃമാറ്റത്തെത്തുടര്‍ന്ന് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. ചെന്നിത്തലയോട് 18 ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ഗാന്ധി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. 

പ്രതിപക്ഷ നേതാവ് പദവിയില്‍ നിന്നും രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശനെ ഹൈക്കമാന്‍ഡ് നിയമിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് തന്നോട് ആലോചിച്ചില്ലെന്നും, ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ സ്ഥാനം ഒഴിയാന്‍ തയ്യാറായിരുന്നുവെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. 

പ്രതിപക്ഷ നേതൃപദവിയില്‍ നിന്നും താന്‍ പോകുന്നത് മുറിവേറ്റാണെന്നും, പ്രതിപക്ഷ നേതാവ് എന്ന പദവിയില്‍ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ലെന്നും ചെന്നിത്തല സൂചിപ്പിച്ചിരുന്നു. ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് പ്രതിനിധികളോട് അഭിപ്രായം പറയാനും കൂട്ടാക്കിയിരുന്നില്ല. 

ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാന്‍ രാഹുല്‍ഗാന്ധി ഇടപെടുന്നത്. ചെന്നിത്തലയെ എഐസിസി ജനറല്‍ സെക്രട്ടറി, പ്രവര്‍ത്തക സമിതി അംഗം തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രൂപ്പുകളുടെ താല്‍പ്പര്യം മാനിക്കാതെ പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് പദവികളില്‍ നിയമനം നടത്തിയതില്‍ ഉമ്മന്‍ചാണ്ടിക്കും അതൃപ്തിയുണ്ട്.