രാജ്യദ്രോഹക്കേസ്: ആയിഷ സുല്‍ത്താന ഹാജരാകണം; അറസ്റ്റുണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി
കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ആയിഷ
സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ഹൈക്കോടതി. അറസ്റ്റ് ഉണ്ടായാല്‍ ഇടക്കാല ജാമ്യം നല്‍കണമെന്നും 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നുമാണ് നിര്‍ദേശം. കേസ് വിധി പറയാന്‍ മാറ്റിവച്ചുകൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആയിഷ സുല്‍ത്താന ഞായറാഴ്ച 4.30ന് കവരത്തില്‍ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. ഒരാഴ്ചയാണ് ഈ ഉത്തരവിന്റെ കാലാവധി. അതിനിടെ കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധിപറയും.

കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമാണ് ചാനല്‍ ചര്‍ച്ചയിലൂടെ ചെയ്തതെന്നും സ്പര്‍ധ വളര്‍ത്തുകയോ വിദ്വേഷമുണ്ടാക്കുകയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ആയിഷ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. പറഞ്ഞ ദിവസം തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാകും.

സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പരിഗണിച്ചു വേണം രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ എന്നിരിക്കെ ഭരണകൂടം ചുമത്തിയിട്ടുള്ള രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ല. ജൈവായുധ പ്രയോഗം നടത്തിയതിനു പിന്നാലെ ആയിഷ തിരുത്തിയെന്നും മാപ്പ് പറഞ്ഞെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

അതേസമയം അയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍  അത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക. നാദ് ദുവ കേസിലെ സുപ്രീം കോടതിയുടെ മുന്‍ വിധികളിലെ നിര്‍ദേശങ്ങള്‍ ഈ കേസില്‍ ബാധകമല്ല. ആയിഷയുടേത് കേന്ദ്ര സര്‍ക്കാരിനെതിരായ വിമര്‍ശനമല്ല, പകരം രണ്ടു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ആയതിനാല്‍ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കുമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com