കേരളം തുറന്നു; പൊതു ഗതാഗതത്തിനും പരീക്ഷയ്ക്കും അനുമതി, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മേഖലകളില്‍ യാത്രാ പാസ് വേണം

സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ക്ഡൗണില്‍ഇന്നു മുതല്‍ ഇളവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസം നീണ്ട ലോക്ക്ഡൗണില്‍ ഇന്നു മുതല്‍ ഇളവ്. എല്ലാ ജില്ലകളിലും ടിപിആര്‍ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപന മേഖലകളെ 4 വിഭാഗങ്ങളായി തിരിച്ച് വെവ്വേറെ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. 

ടിപിആര്‍ 30നു മുകളിലുള്ളതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമാകുന്ന തദ്ദേശസ്ഥാപനങ്ങള്‍ 12 ആയി ചുരുങ്ങി.  തിരുവനന്തപുരം 6, എറണാകുളം 1, പാലക്കാട് 3, മലപ്പുറം 1, കാസര്‍കോട് 1. ഇത്തരം തദ്ദേശസ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാനും പുറത്തുപോകാനും ഒരു വഴി മാത്രമേ അനുവദിക്കൂ. ശനിയും ഞായറും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. 

അവശ്യ സാധനങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, റേഷന്‍, പലവ്യഞ്ജനം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റകാലിത്തീറ്റ എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ. മാളുകള്‍ തുറക്കില്ല ഹോട്ടലുകളില്‍ പാഴ്‌സലും ഹോം ഡെലിവറിയും മാത്രം. സമയം രാവിലെ 7.00 വൈകിട്ട് 7.00.

വിവാഹത്തിനും സംസ്‌കാരത്തിനും 20 പേര്‍ മാത്രം. കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനം ഇന്നു പുനരാരംഭിക്കും. സെക്രട്ടേറിയറ്റിലും അക്കൗണ്ടന്റ് ജനറലിന്റെ ഓഫിസിലും റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 50 % ജീവനക്കാര്‍ ഹാജരാകണം. ടിപിആര്‍ 20 % വരെയുള്ള കേന്ദ്ര  സംസ്ഥാന സര്‍ക്കാര്‍ ഓഫിസുകള്‍ 25 % ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങണം. 

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നില്ല. നാളെമുതല്‍ തുറക്കും. വ്യവസായ, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ക്ക് യാത്ര ചെയ്യാം. ആരാധനാലയങ്ങള്‍ തുറക്കില്ല. ആള്‍ക്കൂട്ടവും പൊതുപരിപാടികളും പാടില്ല. വിനോദസഞ്ചാരം, വിനോദ പരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പരിപാടികള്‍ എന്നിവയും അനുവദിക്കില്ല.

എല്ലാ ദേശീയസംസ്ഥാനപൊതുപരീക്ഷകളും പുനരാരംഭിക്കാം (സ്‌പോര്‍ട്‌സ് സിലക്ഷന്‍ ട്രയല്‍സ് അടക്കം). കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് സര്‍വീസുകളാകാം. ടാക്‌സി കാറില്‍ ഡ്രൈവര്‍ക്കു പുറമേ 3 പേര്‍; ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കു പുറമേ 2 പേര്‍. കുടുംബസമേതം യാത്ര ചെയ്യുമ്പോള്‍ ഇതു ബാധകമല്ല.

ടിപിആര്‍ 20 ശതമാനമോ അതില്‍ താഴെയോ ഉള്ള സ്ഥലങ്ങളിലെ യാത്രയ്ക്കു പാസ് ആവശ്യമില്ല. പകരം സത്യവാങ്മൂലം കരുതണം. ട്രിപ്പിള്‍ ലോക്ഡൗണ്‍ (ടിപിആര്‍ 30നു മുകളില്‍) മേഖലകളിലേക്കും തിരിച്ചും മെഡിക്കല്‍ ആവശ്യങ്ങള്‍, വിവാഹ, മരണാനന്തര ചടങ്ങുകള്‍, പരീക്ഷ, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യാവസായിക ആവശ്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു മാത്രമേ യാത്ര അനുവദിക്കൂ. ഇവര്‍ക്കു പൊലീസിന്റെ ഇ പാസ് നിര്‍ബന്ധമാണ്. രേഖകളും കയ്യില്‍ കരുതണം. ലോക്ഡൗണ്‍  (ടിപിആര്‍ 20 30 %) മേഖലകളില്‍നിന്ന് അതില്‍ കുറവുള്ള സ്ഥലങ്ങളിലേക്കു പോകാനും പാസ് ആവശ്യമാണ്. 

ടിപിആര്‍ 20 % വരെയുള്ള സ്ഥലങ്ങളില്‍ ഇന്നുമുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. ബെവ്‌കോ വില്‍പനകേന്ദ്രങ്ങളില്‍ നിന്നും ബാറുകളില്‍നിന്നും പാഴ്‌സലായി വാങ്ങാം. ബെവ്‌കോ കേന്ദ്രങ്ങളിലെ വിലയ്ക്കു തന്നെയാകും ബാറുകളിലും വില്‍പന. സമയം ബെവ്‌കോയ്ക്ക് രാവിലെ 9 മുതല്‍ രാത്രി 7 വരെ; ബാറുകള്‍ക്കു പകല്‍ 11 മുതല്‍ രാത്രി 7 വരെ. കള്ളുഷാപ്പുകളിലും പാഴ്‌സല്‍ വില്‍പനയുണ്ട്. ക്ലബ്ബുകള്‍ തല്‍ക്കാലം തുറക്കില്ല.  ശനിയും ഞായറും കള്ളുഷാപ്പുകള്‍ക്കു പ്രവര്‍ത്തിക്കാമെങ്കിലും ബാറുകള്‍ക്കും ബവ്‌കോ കേന്ദ്രങ്ങള്‍ക്കും അനുമതിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com