പൊലീസിന്റെ ജാ​ഗ്രതക്കുറവ്, പ്രണയാഭ്യർഥന നടത്തി ശല്യം ചെയ്യുന്നവർക്ക് താക്കീത് മാത്രം പോര; വനിതാ കമ്മീഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 07:11 PM  |  

Last Updated: 17th June 2021 07:14 PM  |   A+A-   |  

MC_JOSEPHINE against police

എംസി ജോസഫൈന്‍ /ഫയല്‍ ഫോട്ടോ

 

തിരുവനന്തപുരം; പ്രണയഭ്യർഥന നിരസിച്ചതിന് പെരുന്തൽമണ്ണയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി വനിതാ കമ്മീഷൻ. നേരത്തേ പരാതി ലഭിച്ചിട്ടും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ജാഗ്രതക്കുറവിനെ ഗൗരവത്തോടെ കാണുന്നുവെന്ന് അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. പ്രണയാഭ്യർഥനയുമായി പുറകെ നടന്നു ശല്യം ചെയ്യുന്നവരെ താക്കീതു മാത്രം ചെയ്തു വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും കൂട്ടിച്ചേർത്തു. 

പ്രണയാഭ്യര്‍ഥന നിരസിക്കുന്നതിന്റെ പേരില്‍ കൊലപാതകം നടത്തുന്നത് അടിക്കടി സംഭവിക്കുന്നത് പൊലീസിന്റെ ജാഗ്രതക്കുറവാണ് കാണിക്കുന്നത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച് നല്‍കുന്ന പരാതികളില്‍, പ്രത്യേകിച്ചും പ്രതികള്‍ ലഹരിവസ്തുക്കള്‍ക്ക് അടിമയും ക്രിമിനില്‍ പശ്ചാത്തലമുള്ളവരുമാകുമ്പോള്‍, പ്രതികളെ കേവലം താക്കീത് ചെയ്ത് വിടുന്നത് നിയമവിരുദ്ധമായ നടപടിയാണെന്നും എം.സി.ജോസഫൈന്‍ കൂട്ടിച്ചേർത്തു. 

പെരിന്തല്‍മണ്ണയില്‍ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയാണ് 21 കാരനായ ബിനീഷ് ഇന്ന് രാവിലെ യുവതിയെ കുത്തിക്കൊന്നത്. ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സികെ ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. കുത്തേറ്റ സഹോദരി ദേവശ്രീ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ മുട്ടുങ്ങല്‍ സ്വദേശി വിനീഷ് വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്തതിന് മൂന്നു മാസം മുൻപ് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ന് ഇയാളെ വിളിച്ചുവരുത്തി താക്കീതു ചെയ്തു വിടുകയാണ് ചെയ്തത്.