'പെട്രോള്‍ വില സെഞ്ചുറിഅടിച്ചു'; ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമേന്തി യുവതി; വൈറല്‍

വനം കൊള്ളയ്‌ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് 'സെല്‍ഫ് ഗോളായത്'
ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമേന്തി ബിജെപി പ്രവര്‍ത്തക
ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡുമേന്തി ബിജെപി പ്രവര്‍ത്തക

തിരുവനന്തപുരം: ബിജെപിയുടെ സമരമുഖത്ത് ഡിവൈഎഫ്‌ഐയുടെ പ്ലക്കാര്‍ഡുമേന്തി ബിജെപി പ്രവര്‍ത്തക. വനം കൊള്ളയ്‌ക്കെതിരായ സംസ്ഥാന തല പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ ആസ്ഥാനത്തിനു മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ ധര്‍ണയാണ് 'സെല്‍ഫ് ഗോളായത്'. ഇതിന്റെ ദൃശ്യങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിശദീകരണം നല്‍കി തലയൂരാനാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം.

 വനംകൊള്ളയ്‌ക്കെതിരേയുളള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡാണ് വനിതാ
പ്രവര്‍ത്തകരിലൊരാള്‍ കയ്യിലേന്തിയിരുന്നത്. 'പെട്രോള്‍ വില സെഞ്ചുറി അടിച്ചു പ്രതിഷേധിക്കുക' എന്നായിരുന്നു പ്ലക്കാര്‍ഡിലുണ്ടായിരുന്നത്.
മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്. 

തലേദിവസം ഇന്ധനവിലയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ നഗരസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അതിന്റെ പ്ലക്കാര്‍ഡ് മതിലില്‍ ചാരിവച്ചിരുന്നു. സമരത്തിനെത്തിയ ബിജെപി പ്രവര്‍ത്തക പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്. അമളി പിണഞ്ഞ ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com