യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പണം തട്ടി; പരാതിയ്ക്ക് പിന്നാലെ ആസിഡൊഴിക്കുമെന്ന് ഭീഷണി; പ്രതിയെ തിരഞ്ഞ് പൊലീസ്

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ഡേറ്റിങ് ആപ് വഴിയാണ് വിവാഹബന്ധം വേര്‍പെടുത്തിയ യുവതി ഇയാള്‍ പരിചയപ്പെടുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കൊച്ചി:യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പനങ്ങാട് പോലീസ്. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.  തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശില്‍പി ഗാര്‍ഡനില്‍ താമസിച്ചിരുന്ന നിലമ്പൂര്‍ സ്വദേശി കെവി വിപിനെയാണ് പൊലീസ് തിരയുന്നത്. 

പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് ഫോര്‍ട്ടു കൊച്ചി പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. ഇവിടെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്‌റ്റേഷന്‍ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു. 

യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും പൊലീസിന് അന്വേഷണത്തിന് തടസമാകുന്നു.

കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരു ഡേറ്റിങ് ആപ് വഴിയാണ് വിവാഹബന്ധം വേര്‍പെടുത്തിയ യുവതി ഇയാള്‍ പരിചയപ്പെടുന്നത്. തുടര്‍ന്നു സിനിമയില്‍ ചിലരെ പരിയപ്പെടുത്തി നല്‍കാമെന്നു വാഗ്ദാനം നല്‍കി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു. 

ദൃശ്യങ്ങള്‍ പുറത്തു വിടാതിരിക്കാന്‍ വീണ്ടും കൊച്ചിയില്‍ എത്താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെത്തിയതായും അവിടെനിന്നു കാറില്‍ കയറ്റിക്കൊണ്ടു ഹോട്ടല്‍ മുറിയില്‍ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ഉപദ്രവിച്ചതായും യുവതി പറയുന്നു. 'ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാല്‍ നിനക്കു തന്നെയാണ് നഷ്ടം' എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങള്‍ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറില്‍ കയറ്റി റോഡില്‍ ഇറക്കി വിട്ടു.

വീണ്ടും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടി. തുടര്‍ന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നല്‍കുകയാണെന്ന് അറിയിച്ചു. എന്നാല്‍, പ്രശ്‌നം പറഞ്ഞു തീര്‍ക്കാമെന്നും കൊലുസിന്റെ പണം നല്‍കാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തില്‍ പ്രശ്‌നം തീര്‍ത്ത് കരാറുണ്ടാക്കി. എന്നാല്‍ കരാറിന്റെ കോപ്പി നല്‍കാതെ ഇയാള്‍ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റര്‍നെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തിയതോടെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസില്‍ പരാതി നല്‍കിയത്. 

ഇന്ത്യയില്‍നിന്നുള്ളതല്ലാത്ത നമ്പരില്‍നിന്നു ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. വിപിന് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നല്‍കുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്‌തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com