സഹോദരി 5.08 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു, പൊലീസിൽ പരാതി നൽകി രാജപ്പൻ 

വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്
രാജപ്പൻ/ ട്വിറ്റർ
രാജപ്പൻ/ ട്വിറ്റർ

കോട്ടയം; തന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചതിന് സഹോദരിക്കെതിരെ പരാതി നൽകി പ്രധാനമന്ത്രി പ്രശംസിച്ച എൻഎസ് രാജപ്പൻ. സഹോദരി ചെത്തുവേലി സ്വദേശി വിലാസിനിക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. കാലുകൾ തളർന്ന രാജപ്പൻ സ്വയം വള്ളം തുഴഞ്ഞ് വേമ്പനാട്ടുകായലിലെയും മീനച്ചിലാറ്റിലെയും കൈവഴികളിലെയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇത് വാർത്തയായതോടെ പ്രധാനമന്ത്രിയുടെ മൻ കി ബാത്തിൽ അഭിനന്ദനം ലഭിച്ചിരുന്നു. 

വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും രാജപ്പന് പാരിതോഷികമായി ലഭിച്ച പണമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. ഇതിൽ നിന്ന് 5.08 ലക്ഷം രൂപയാണ് വിലാസിനി പിൻവലിച്ചത്. തനിക്ക് സമ്മാനമായി ലഭിച്ച 2 വള്ളങ്ങളും വിലാസിനി കൈവശം വച്ചിരിക്കുകയാണെന്നും രാജപ്പന്റെ പരാതിയിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണു വിലാസിനി 5.08 ലക്ഷം രൂപ എടുത്തത്. ബുധനാഴ്ച ബാങ്കിൽ നിന്നു സ്റ്റേറ്റ്മെന്റ് എടുത്തപ്പോഴാണ് പണം പിൻവലിച്ചതായി അറിഞ്ഞതെന്ന് രാജപ്പൻ വ്യക്തമാക്കി. 

എന്നാൽ രാജപ്പന് വീടു വയ്ക്കുന്നതിനു വേണ്ടി സ്ഥലം വാങ്ങാനാണ് ബാങ്കിൽ നിന്നു പണമെടുത്തതെന്നു വിലാസിനി പറഞ്ഞു. ലോക്ഡൗൺ കാരണം സ്ഥലം ആധാരം ചെയ്തു വാങ്ങാൻ കഴിഞ്ഞില്ല. സ്ഥലം വാങ്ങി രാജപ്പനു വീടു വച്ചു നൽകുമെന്നും വിലാസിനി പറഞ്ഞു. സ്വന്തമായി വീടില്ലാത്ത രാജപ്പൻ സഹോദരൻ പാപ്പച്ചിക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. നേരത്തേ വിലാസിനിക്കൊപ്പമായിരുന്നു താമസം. മഞ്ചാടിക്കരിയിൽ അടുത്തടുത്താണ് രാജപ്പനും വിലാസിനിയും താമസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com