'എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടു'- ​ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി

'എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടു'- ​ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ ​ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ സുധാകരൻ പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. കോളേജ് പഠനകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന സുധാകരന്റെ പരാമർശത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോളായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ. 

മുഖ്യമന്ത്രിയുടെ വാക്കുകൾ

ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാൻസർ കൂടിയായിരുന്നു അയാൾ. നിങ്ങൾ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരൻ വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്.

അപ്പോൾ ഞാൻ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവൾക്ക് മനസമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയിൽ പിടിച്ച് സ്‌കൂളിൽ പോകുന്ന കാലമാണ്. ആരോടും ഞാൻ പറയാൻ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങൾ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്. 

സുധാകരനെ പറ്റി ഞാൻ പറയുന്നത് എടുക്കേണ്ട, സഹപ്രവർത്തനായിരുന്ന പി രാമകൃഷ്ണൻ എന്താണ് പറഞ്ഞതെന്ന് ഓർക്കണം. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രസിഡന്റായിരുന്നു പി രാമകൃഷ്ണൻ. ഇതൊന്നും ഞാൻ പറയേണ്ട ആളല്ല. എന്നാൽ വല്ലാതെ പൊങ്ങച്ചം പറയുമ്പോൾ സമൂഹം ഇത് കേട്ടുകൊണ്ടിരിക്കുകയാണ്. ഈ പറയുന്നത് ശരിയാണെന്ന് അഭിപ്രായം എനിക്കില്ല.

രാമകൃഷ്ണൻ പറഞ്ഞത് മാത്രം എടുക്കുക. പണമുണ്ടാക്കാൻ മാത്രമാണ് സുധാകരൻ രാഷ്ട്രീയത്തിലിറങ്ങിയത്. പലരേയും കൊന്ന് പണമുണ്ടാക്കി. പിണറായി വിജയൻ പറഞ്ഞതല്ല ഇത്. കണ്ണൂരിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവായിരുന്ന ആൾ പറഞ്ഞതാണിത്.

വിദേശ കറൻസി ഇടപാടുള്ള സുധാകരന് ബ്ലേഡ് കമ്പനികളുണ്ട്. മണൽ മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന് പറ്റിയ ആളല്ല സുധാകരൻ. നേതാക്കൾക്ക് അയാളെ പേടിയാണ്. കൊല്ലപ്പെട്ടവർക്കായി പിരിച്ച പണം സ്വന്തം പോക്കറ്റിലാക്കുന്നു. രാമകൃഷ്ണന്റെ വാചകങ്ങൾ എന്തായിരുന്നുവെന്ന് സുധാകരൻ ഓർക്കുന്നത് നല്ലതാണ്.

അലഞ്ഞ് നടന്ന വന്ന റാസ്‌കലാണ് സുധാകരൻ, ഭീരുവുമാണ്. ജയിച്ചതിന് ശേഷം എംപി തിരിഞ്ഞ് നോക്കാത്ത പ്രദേശം കണ്ണൂരിലുണ്ട്. സുധാകരൻ വന്നതിന് ശേഷമുള്ള തെരഞ്ഞെടുപ്പുകളിലാണ് കാസർകോട്, കണ്ണൂർ, വടകര മേഖലകളിൽ പാർട്ടിക്ക് തോൽവി ഉണ്ടാകുന്നത്. ഇതൊന്നും ഞങ്ങളാരും പറഞ്ഞതല്ല. ഒപ്പമുണ്ടായിരുന്ന പുഷ്പരാജും പ്രകാശ്ബാബുവും എങ്ങനെ സുധാകരന് എതിരായി എന്ന് രാമകൃഷ്ണൻ പറയുന്നുണ്ട്. പുഷ്പരാജിനെ അക്രമിച്ച് കാല് തകർത്തതിനെ കുറിച്ച് പറയുന്നുണ്ട്. 

ഡിസിസി പ്രസിഡന്റായതിന് ശേഷം തന്റെ ശവഘോഷയാത്രയും കോലം കത്തിക്കലും ഡിസിസി ഓഫീസിൽ നിന്ന് പുറത്താക്കലും നടത്തിയ യൂത്ത് കോൺഗ്രസുകാർ പാർട്ടിയെ നശിപ്പിക്കാനല്ലെ കൂട്ട് നിന്നത്. സുധാരന്റെ ചെയ്തികൾ പറഞ്ഞതിന് ഡിസിസി ഓഫീസിൽ രാമകൃഷ്ണനെ കയറാൻ സമ്മതിച്ചില്ല.

ഇപ്പോൾ രാമകൃഷ്ണൻ ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹത്തിന്റെ വാക്കുകൾ പൊതുവേദിയിൽ ലഭ്യമാണ്. സുധാരനോടൊപ്പം അതേ കളരിയിൽ പയറ്റിയ മമ്പറം ദിവാകരൻ പറഞ്ഞിട്ടുണ്ട് ഒരു അഭിമുഖത്തിൽ. ഡിസിസി അംഗം പുഷ്പരാജിന്റെ കാൽ അടിച്ച് തകർത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്ത് വിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് പറയില്ല.

തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ വെച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നതായും മമ്പറം ദിവാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഡിസിസി ഓഫീസിനായി പിരിച്ച കോടികൾ എവിടെ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ചിറക്കൽ സ്‌കൂൾ വാങ്ങാൻ സുധാകരന്റെ നേതൃത്വത്തിൽ ഗൾഫിൽ നിന്നുൾപ്പടെ 30 കോടി പിരിച്ചു. അത് എവിടെ? സ്‌കൂൾ വാങ്ങിയതുമില്ല. 

സുധാകരന്റെ സമപ്രായക്കാരനും അന്ന് കോളേജിൽ ഒപ്പം പഠിച്ചിരുന്നതുമായ എകെ ബാലൻ പറഞ്ഞതുമായ ചില കാര്യങ്ങളുണ്ട്. അതും മറന്ന് പോകണ്ട. സിഎച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബ്രണ്ണൻ കോളേജിൽ ഉദ്ഘാടനത്തിന് വന്നു. പുതുക്കിയ ആ ഹാളിന്റെ  ഉദ്ഘാടനത്തിന് പോയപ്പോഴാണ് ബാലൻ ഈ കഥ എന്നോട് പറഞ്ഞത്.

ചടങ്ങിൽ പങ്കെടുക്കാനെത്തിയ സിഎച്ച് മുഹമ്മദ് കോയയെ കരിങ്കൊടി കാട്ടി, ചെരിപ്പെറിഞ്ഞു. ചടങ്ങ് അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. അന്ന് സിഎച്ചിന് ചടങ്ങ് സുഗമമായി നടത്താനായത് അന്നത്തെ എകെ ബാലനടക്കമുള്ള പ്രവർത്തകരുടെ ബലത്തിലാണ്. ഇപ്പോൾ വീരവാദം മുഴക്കുള്ള സുധാകരൻ ആ സംഭവം മറന്ന് കാണില്ല. അർധ നഗ്നനായി ആ കോളജ് ചുറ്റിപ്പിച്ചു അവർ. സുധാകരന്റെ അതിക്രമത്തെ നേരിടാനെത്തിയ വിദ്യാർത്ഥികൾ അദ്ദേഹത്തെ നേരെ വസ്ത്രമണിയാൻ സമ്മതിച്ചില്ല. കോളജിന് ചുറ്റും നടത്തിപ്പിച്ചു.

വലിയ പൊങ്ങച്ചം പറഞ്ഞത് കൊണ്ട് കാര്യമില്ല. അദ്ദേഹം മൂന്ന് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്. ബിജെപിയുമായി യോജിച്ച് പോകാൻ സാധിക്കുമെന്ന് തോന്നിയാൽ പോകുമെന്ന് പറഞ്ഞു. ഇപ്പോൾ അതിൽ ഉറച്ച് നിൽക്കുന്നുണ്ടോയെന്ന് അറിയില്ല- മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com