14കാരിയെ സഹോദരൻ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; വിവാഹ ദല്ലാളിനെതിരെ കേസെടുത്ത് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2021 08:15 AM  |  

Last Updated: 19th June 2021 08:15 AM  |   A+A-   |  

16-yr-old boy gang raped

പ്രതീകാത്മക ചിത്രം

 

ചെറുതോണി: സഹോദരനും 4 സുഹൃത്തുക്കളും ചേർന്ന് പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ വിവാഹ ദല്ലാളായ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ ദല്ലാളായ ശ്രീകല എന്ന യുവതി വൈരാഗ്യം തീർക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് പരാതി എന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി. 

വെൺമണി സ്വദേശിയായ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നായിരുന്നു കഞ്ഞിക്കുഴി സ്റ്റേഷനിൽ ലഭിച്ച പരാതി. സ്വന്തം സഹോദരനു വിവാഹമാലോചിച്ച് കുട്ടിയുടെ വീട്ടിൽ ശ്രീകല സ്ഥിരമായി എത്തിയിരുന്നു. പെൺകുട്ടിയുടെ സുഹൃത്തായിരുന്നു ശ്രീകലയുടെ മകൾ. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് പെൺകുട്ടിയുടെ സഹോദരൻ വീട്ടിൽ വരുന്നതിൽ നിന്ന് ശ്രീകലയെ വിലക്കി. 

ഇതിന്റെ വൈരാഗ്യത്തിലാണ് വ്യാജമൊഴി നൽകാൻ പെൺകുട്ടിയെ ശ്രീകല പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബിയുടെ നേതൃത്വത്തിലുള്ള 16 അംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിച്ച് പരാതി വ്യാജമെന്ന് കണ്ടെത്തിയത്.  

ഏപ്രിൽ 20 ന് തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തക വഴിയാണ് പൊലീസിനു പരാതി ലഭിച്ചത്. മൊഴിയെടുത്തപ്പോൾ ശ്രീകല ഒപ്പം വേണമെന്നു പെൺകുട്ടി വാശി പിടിച്ചിരുന്നു. ഇതിനൊപ്പം ഗൈനക്കോളജിസ്റ്റിന്റെ റിപ്പോർട്ടിലെ ഉറപ്പില്ലായ്മയും കൂടിയായതോടെ പരാതി വ്യാജമാണെന്ന സംശയം ജനിപ്പിച്ചു.

ഇതിനിടയിൽ അഭയ കേന്ദ്രത്തിലാക്കിയ പെൺകുട്ടി അവിടത്തെ റജിസ്റ്ററിൽ ‘സഹോദരൻ തന്നോട് തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, കലാമ്മ പറഞ്ഞിട്ടാണ് വ്യാജ പരാതി നൽകിയതെന്നും’ എഴുതിയിരുന്നു. ഇതോടെ  ഇടുക്കി മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നു വ്യക്തമായി.  വ്യാജ പരാതിയാണ് നൽകിയതെന്നു പെൺകുട്ടി  പൊലീസിനു മൊഴി നൽകുകയും ചെയ്തു.